30 മില്യണ്‍ സമാഹരിച്ച് മൈക്രോ ബ്ലോഗിംഗ് ആപ്പ് കൂ
1 min readലക്ഷ്യമിടുന്നത് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാകാന്‍
മുംബൈ: തങ്ങളുടെ സീരീസ് ബി ഫണ്ടിംഗില്‍ 30 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി ഇന്ത്യയില്‍ നിന്നു വളര്‍ന്നു വരുന്ന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം കൂ പറഞ്ഞു. ടൈഗര്‍ ഗ്ലോബല്‍ ആണ് ഈ ഫണ്ടിംഗിനെ നയിച്ച പ്രധാന നിക്ഷേപകര്‍. ഒരു വര്‍ഷത്തിനുള്ളില്‍ 60 ലക്ഷത്തോളം ഡൗണ്‍ലോഡുകള്‍ നേടിയ പ്ലാറ്റ്ഫോം ആണ് കൂ.
‘അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായി വളരുന്നതിനുള്ള ആക്രമണോല്‍സുക പദ്ധതി ഞങ്ങള്‍ക്കുണ്ട്. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശരിയായ പങ്കാളിയാണ് ടൈഗര്‍ ഗ്ലോബല്‍, ” കൂ സ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണന്‍ പറഞ്ഞു.
കൂവിന്‍റെ നിലവിലുള്ള നിക്ഷേപകരായ ആക്സല്‍ പാര്‍ട്ണേഴ്സ്, കലാരി ക്യാപിറ്റല്‍, ബ്ലൂം വെഞ്ചേഴ്സ്, ഡ്രീം ഇന്‍കുബേറ്റര്‍ എന്നിവയും പുതിയ നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തു. ഐഐഎഫ്എല്ലും മിറേ അസറ്റ്സുമാണ് മറ്റ് പുതിയ നിക്ഷേപകരായി ഈ ഫണ്ടിംഗ് റൗണ്ടില്‍ എത്തിയത്.
ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (മീറ്റിവൈ) നിശ്ചയിച്ച മെയ് 25 സമയപരിധിക്ക് മുന്നോടിയായി പുതിയ ഐടി (ഇന്‍റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍) ചട്ടങ്ങള്‍ പാലിക്കുമെന്ന് കൂ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷകളിലും കീബോര്‍ഡ് ഉപയോഗിക്കാതെ സംസാരിച്ചുകൊണ്ട് സന്ദേശങ്ങള്‍ ടൈപ്പുചെയ്യാന് സഹായിക്കുന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്നും കൂ പ്രഖ്യാപിച്ചിട്ടുണ്ട്.