നൈറ്റ് കര്‍ഫ്യൂവും ലോക്ക്ഡൗണും: ഹൈദരാബാദിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു
ഏപ്രില്‍ 20ന് രാത്രികാല കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം ഹൈദരാബാദിലെ വായു ഗുണനിലവാര സൂചിക മിതമായ നിലയില്‍ നിന്നും തൃപ്തികരമായ നിലയിലേക്കെത്തി
ഹൈദരാബാദ്: രാത്രികാല കര്‍ഫ്യൂവും ലോക്ക്ഡൗണും കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ മാത്രമല്ല, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഹൈദരാബാദിനെ സഹായിച്ചു. രാത്രികാല കര്‍ഫ്യൂവും ലോക്ക്ഡൗണും നടപ്പിലാക്കിയതിന് ശേഷം ഹൈദരാബാദ് ജനത കൂടുതല്‍ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലെ ദേശീയ വായു ഗുണനിലവാര നിരീക്ഷണ പദ്ധതി (എന്‍എഎംപി) ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക(എക്യൂഐ) വായു മലിനീകരണം കുറഞ്ഞുവെന്ന സൂചനയാണ് നല്‍കുന്നത്.
ഏപ്രില്‍ 20ന് രാത്രികാല കര്‍ഫ്യൂ ആരംഭിച്ചതിന് ശേഷം വിവിധ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയ എക്യൂഐ മിതമായതില്‍ നിന്നും തൃപ്തികരമായ നിലയിലേക്കെത്തി. ഉപ്പലില്‍ മേയ് 19ന് എക്യുഐ മികച്ച നിലയിലുള്ള 43ല്‍ എത്തി. ഇതേ സ്‌റ്റേഷനില്‍ ഏപ്രിലില്‍ എക്യൂഐ 128 ആയിരുന്നു. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് ശേഷം ഇവിടെ എക്യൂഐയില്‍ വലിയ രീതിയിലുള്ള മാറ്റമുണ്ടായി. മേയ് തുടക്കത്തില്‍ ഉപ്പലിലെ എക്യൂഐ 103ഉം ലോക്ക്ഡൗണ്‍ ആരംഭിച്ച മേയ് 12ന് 91ഉം മേയ് 19ന് 43 ആയി എക്യൂഐ മെച്ചപ്പെട്ടു. എക്യൂഐ കുറയുന്നത് മെച്ചപ്പെട്ട വായു ഗുണനിലവാരമാണ് സൂചിപ്പിക്കുന്നത്.
ബലനഗര്‍, ജൂബിലി ഹില്‍സ്, പാരഡൈസ്, ചാര്‍മിനാര്‍, ജീദിമെറ്റ്‌ല തുടങ്ങിയ സ്റ്റേഷനുകളിലും എക്യുഐയില്‍ സമാന പ്രവണത കണ്ടെത്താനായി. തെലങ്കാന സ്റ്റേറ്റ് മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ മേയ് 19ലെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലങ്ങളിലെ നിരീക്ഷണ സ്‌റ്റേഷനുകളില്‍ രേഖപ്പെടുത്തിയ എക്യൂഐ നൂറില്‍ താഴെയാണ്. ഏപ്രിലില്‍ ഇവിടങ്ങളിലെല്ലാം എക്യൂഐ നൂറില്‍ കൂടുതല്‍ ആയിരുന്നു. ഏപ്രിലില്‍ എക്യൂഐ 166 ആയിരുന്ന ബലനഗറില്‍ ഇപ്പോഴത് 73 ആയി കുറഞ്ഞു. വായുവിന്റെ ഗുണനിലവാരത്തില്‍ 93 പോയിന്റിന്റെ വ്യത്യാസമാണ് ഒരു മാസത്തിനിടെ പ്രകടമായത്.