Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

12 വയസിന് മുകളിലുള്ളവര്‍ക്ക് സ്‌കൂള്‍ തല വാക്‌സിനേഷനുമായി യുഎഇയിലെ ജെംസ് എഡ്യൂക്കേഷന്‍

1 min read

ജെസ് സ്‌കൂളുകളില്‍ പുതിയതായി എത്തുന്ന അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും

ദുബായ്: 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയുമായി യുഎഇ ആസ്ഥാനമായ ജെംസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ്. ദുബായിലുള്ള 8,000ത്തോളം യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ജെംസിന്റെ പദ്ധതി.

ഫൈസറിന്റെ കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കുന്ന അതോറിട്ടുകളുമായി ചേര്‍ന്നാണ് ജെംസ് എഡ്യൂക്കേഷന്‍ ദുബായിലുടനീളമുള്ള ജെംസ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചിരിക്കുന്നത്. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ ബുക്കിംഗ് ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിട്ടി ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ ഫൈസറിന്റെ കോവിഡ്-19 വാക്‌സിന് യഎഇ ആരോഗ്യ മന്ത്രാലയം ദിവസങ്ങള്‍ക്ക് മുമ്പാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.

പന്ത്രണ്ടിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ച് കഴിഞ്ഞതായി ജെംസ് എഡ്യൂക്കേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എല്‍മേരി വെന്റര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായ 42,000 ജെംസ് വിദ്യാര്‍ത്ഥികളില്‍ 8,000 പേര്‍ക്ക് ഈ ആഴ്ച തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും 1,800 പേര്‍ ഇതിനോടകം വാക്‌സിനെടുത്തെന്നും എല്‍മേരി വ്യക്തമാക്കി.

കുട്ടികളും അധ്യാപകരുമടക്കമുള്ളവരുടെ ആരോഗ്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ പരമാവധി സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ജെംസ് എഡ്യൂക്കേഷന്‍ അറിയിച്ചു. ആഗസ്റ്റില്‍ പുതിയതായി എത്തുന്ന 1,600 അധ്യാപകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. അധ്യാപകരും അനധ്യാപകരുമടക്കം ജെംസ് എഡ്യൂക്കേഷനിലെ 14,700 ജീവനക്കാര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു.

ഷാര്‍ജയിലെയും റാസ് അല്‍ ഖൈമയിലെയും സ്‌കൂളുകളില്‍ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനായി ജെംസ് എഡ്യൂക്കേഷന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കാലത്ത് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സമൂഹവും കഴിയാവുന്നത്ര സുരക്ഷിതരായിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെംസ് വാക്‌സിനേഷന്‍ പരിപാടി നടത്തുന്നതെന്ന് ജെംസ് വില്ലിംഗ്ടണ്‍ ഇന്റെര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മേരിസ്സ ഒകൊന്നര്‍ പറഞ്ഞു.

Maintained By : Studio3