ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ മൂന്ന് ലക്ഷം കടന്നു
1 min readപ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍
ന്യൂഡെല്‍ഹി: ഇന്നലെ 4,454 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം മൂന്ന് ലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
തിങ്കളാഴ്ച പുലര്‍ച്ച അവസാനിച്ച 24 മണിക്കൂറില്‍ 2,22315 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 21ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ രോഗനിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2,67,52,447 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചത്. 27,20,716 സജീവ രോഗികള്‍ രാജ്യത്തുണ്ട്. ഇതുവരെ 3,03,720 പേര്‍ രോഗം ബാധിച്ച് മരിച്ചു.
കഴിഞ്ഞ 12 ദിവസത്തിനിടെ 50,000ത്തിലധികം കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് – 4,529. കോവിഡ്-19 മഹാമാരി ആരംഭിച്ചതിന് ശേഷം ഒരു രാജ്യം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. ഇതിന് മുമ്പ് ജനുവരി 12ന് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത 4,468 ആയിരുന്നു ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം കോവിഡ്-19 മൂലം ഏറ്റവുമധികം ആളുകള്‍ മരണപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
അതേസമയം ഇതുവരെ ഇന്ത്യയില്‍ 19,60,51,962 പേര്‍ കോവിഡ്-19 നെതിരായ വാക്‌സിന്‍ സ്വീകരിച്ചു.