കേന്ദ്ര ജീവനക്കാരുടെ വേരിയബിള്‍ ഡിഎ വര്‍ധിപ്പിച്ചു
1 min readന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വേരിയബിള്‍ ഡിയര്‍നെസ് അലവന്‍സ് (ഡിഎ) പ്രതിമാസം 105 രൂപ എന്നതില്‍ നിന്ന് 210 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2021 ഏപ്രില്‍ 1 മുതലുള്ള പ്രാബല്യത്തിലാണ് വര്‍ധനവ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ 1.5 കോടി ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇവരുടെ മിനിമം വേതനത്തിന്‍റെ തോത് വര്‍ധിക്കും.
വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ് വേരിയബിള്‍ ഡിഎ പരിഷ്ക്കരിക്കുന്നത്. 2020 ജൂലൈ-ഡിസംബര്‍ കാലയളവിലെ ശരാശരി സിപിഐ-ഐഡബ്ല്യു കണക്കിലെടുത്താണ് ഏറ്റവും പുതിയ വിഡിഎ പരിഷ്കരണം നടപ്പാക്കിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു.
ഇതിനുപുറമെ, കേന്ദ്രസര്‍ക്കാര്‍, റെയില്‍വേ അഡ്മിനിസ്ട്രേഷന്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, പ്രധാന തുറമുഖങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച ഏതെങ്കിലും കോര്‍പ്പറേഷന്‍ എന്നിവയുടെ അധികാരത്തിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഈ വര്‍ധന ബാധകമാണ്. വേരിയബിള്‍ ഡിഎയുടെ വര്‍ദ്ധനവ് കരാര്‍, കാഷ്വല്‍ ജീവനക്കാര്‍ / തൊഴിലാളികള്‍ക്കും ബാധകമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര മേഖലയിലെ ഷെഡ്യൂള്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കായി മിനിമം വേജസ് ആക്റ്റ് നടപ്പാക്കുന്നത് രാജ്യത്തുടനീളമുള്ള ചീഫ് ലേബര്‍ കമ്മീഷണറുടെ (സെന്‍ട്രല്‍) ഇന്‍സ്പെക്ടിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കും.