മി ബൂസ്റ്റ് പ്രോ പവര്‍ ബാങ്ക് വില്‍പ്പന ഇന്ന് മുതല്‍
വില 2,299 രൂപ. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍, മറ്റ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: ക്രൗഡ്ഫണ്ടിംഗ് പൂര്‍ത്തിയാക്കി ‘മി ബൂസ്റ്റ് പ്രോ’ പവര്‍ ബാങ്കിന്റെ ഇന്ത്യയിലെ വില്‍പ്പന ഇന്ന് (മെയ് 21) ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. മാര്‍ച്ച് മാസത്തിലാണ് പവര്‍ ബാങ്ക് പ്രഖ്യാപിച്ചത്. 1,999 രൂപ വില നിശ്ചയിച്ചാണ് ക്രൗഡ്ഫണ്ടിംഗ് നടത്തിയത്. ഇന്ത്യന്‍ വിപണിയില്‍ 3,499 രൂപ വില നിശ്ചയിച്ചായിരിക്കും അവതരിപ്പിക്കുകയെന്ന് ആ സമയത്ത് ഷവോമി വ്യക്തമാക്കിയിരുന്നു. എങ്കിലും വില കുറച്ചാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിക്കുന്നത്. 2,299 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍, മറ്റ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
30,000 എംഎഎച്ച് ബാറ്ററി ശേഷിയോടെയാണ് മി ബൂസ്റ്റ് പ്രോ വിപണിയിലെത്തുന്നത്. യുഎസ്ബി ടൈപ്പ് സി യില്‍നിന്ന് യുഎസ്ബി ടൈപ്പ് സി യിലേക്ക് (ഇന്‍പുട്ട്/ഔട്ട്പുട്ട്) ചാര്‍ജിംഗ്, യുഎസ്ബി ടൈപ്പ് സി യില്‍നിന്ന് ലൈറ്റ്‌നിംഗ് പോര്‍ട്ടിലേക്ക് ചാര്‍ജിംഗ് എന്നിവ സാധ്യമാകുന്ന പവര്‍ ഡെലിവറി (പിഡി) 3.0 സവിശേഷതയാണ്. 24 വാട്ട് പീക്ക് പവറില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതാണ് പിഡി 3.0 എന്ന് ഷവോമി അറിയിച്ചു. പവര്‍ ബാങ്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 7.5 മണിക്കൂര്‍ മതി.
രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു യുഎസ്ബി ടൈപ്പ് സി എന്നിങ്ങനെ മൂന്ന് പോര്‍ട്ടുകള്‍ ലഭിച്ചതാണ് മി ബൂസ്റ്റ് പ്രോ പവര്‍ ബാങ്ക്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്. ഒരേസമയം മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. പൊരുത്തപ്പെടുന്ന ഏത് ഡിവൈസും ഈ പവര്‍ ബാങ്കും ചാര്‍ജ് ചെയ്യാന്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഉപയോഗിക്കാം. മൈക്രോ യുഎസ്ബി കേബിള്‍ ഉപയോഗിച്ചും പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും.
പതിനാറ് പാളികളോടുകൂടിയ നൂതന സര്‍ക്യൂട്ട് സംരക്ഷണം പവര്‍ ബാങ്കിന് ഉള്‍വശത്ത് നല്‍കിയിരിക്കുന്നു. അമിതമായ ചൂട്, അമിതമായ വൈദ്യുതി, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍നിന്ന് ഡിവൈസുകളെ സംരക്ഷിക്കുന്നതാണ് ഈ കവചം. സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് മറ്റൊരു ഫീച്ചറാണ്. ചെറിയ ഗാഡ്ജറ്റുകള്‍ക്കായി ലോ പവര്‍ ചാര്‍ജിംഗ് മോഡ് സവിശേഷതയാണ്. പവര്‍ ബട്ടണില്‍ രണ്ട് തവണ അമര്‍ത്തിയാല്‍ 2 മണിക്കൂര്‍ ലോ ചാര്‍ജിംഗ് മോഡിലേക്ക് പവര്‍ ബാങ്ക് പ്രവേശിക്കും. വയര്‍ലെസ് ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍ തുടങ്ങിയ ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ഈ മാര്‍ഗം സ്വീകരിക്കാം.