കുമാരവേലും എംഎന്‍എം വിട്ടു; കമലിന്‍റെ പാര്‍ട്ടിയില്‍ രാജി തുടരുന്നു
1 min readചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍റെ പാര്‍ട്ടി മക്കല്‍ നീതി മയ്യത്തില്‍ (എംഎന്‍എം) നിന്നുള്ള പ്രശസ്ത വ്യക്തികളുടെ രാജി തുടരുന്നു.വ്യവസായി സി.കെ. കുമാരവേല്‍ ആണ് പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിച്ച ഏറ്റവും അവസാനത്തെ വ്യക്തി. ‘ഞാന്‍ എംഎന്‍എം ഉപേക്ഷിച്ചു. മറ്റ് പാര്‍ട്ടികളില്‍ ചേരുന്നത് പോലുള്ള ഓപ്ഷനുകള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. ഞാന്‍ രാഷ്ട്രീയത്തിലായിരിക്കും,’ എംഎന്‍എം ജനറല്‍ സെക്രട്ടറിയും നാച്ചുറല്‍സ് ചെയിന്‍ സലൂണുകളുടെ സ്ഥാപകനുമായ കുമാരവേല്‍ പറഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി രാജിക്കത്ത് കുമരവേല്‍ കമല്‍ഹാസന് നല്‍കി. ചരിത്രം സൃഷ്ടിക്കുന്നതിനുപകരം പാര്‍ട്ടി ചരിത്രം വായിക്കാന്‍ നിര്‍ബന്ധിതരായെന്ന് അദ്ദേഹം കമല്‍ ഹാസനോട് പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നുവെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും കുമാരവേല്‍ പറഞ്ഞു.നടന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിനെതിരെ തീരുമാനമെടുത്തതും പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാകാന്‍ കാരണമായിരുന്നു. കമല്‍ ഹാസന്‍റെ കണ്‍സള്‍ട്ടന്‍റുകള്‍ നല്‍കിയ തെറ്റായ തന്ത്രങ്ങളും ഉപദേശങ്ങളുമാണ് കമലിന്‍റെ പരാജയത്തിന് വഴിവെച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കമലിന് പാര്‍ട്ടി പ്രവര്‍ത്തകരെ പുനസംഘടിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ വേറെയായിരുന്നുവെന്നും കുമാരവേല്‍ പറഞ്ഞു.
കുമാരവേല്‍ പറയുന്നതനുസരിച്ച്, 2021 ഫെബ്രുവരി വരെ കമല്‍ ഹാസന്‍ മികച്ച നേതാവായിരുന്നു. എന്നാല്‍ 2021 മാര്‍ച്ചിനുശേഷം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.കോയമ്പത്തൂരില്‍ നിന്ന് (സൗത്ത്) വിജയിക്കുന്നതിലാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധയെന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു.പാര്‍ട്ടിയില്‍ ജനാധിപത്യത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി എംഎന്‍എം ജനറല്‍ സെക്രട്ടറി മുരുകാനന്ദവും പാര്‍ട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനുശേഷം കമല്‍ ഹാസന്‍ ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ നേതാക്കളില്‍നിന്ന് രാജിക്കത്തുകള്‍ തേടി. പാര്‍ട്ടി വൈസ്പ്രസിഡന്‍റ് മഹേന്ദ്രന്‍ ആദ്യം പാര്‍ട്ടി വിട്ടു. അതിനെ തുടര്‍ന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് ബാബു, എംഎന്‍എമ്മിന്‍റെ സ്റ്റേറ്റ് സെക്രട്ടറി (എന്‍വയോണ്‍മെന്‍റ് വിംഗ്) പത്മ പ്രിയ, ഇപ്പോള്‍ കുമാരവേല്‍- രാജി തുടരുകയാണ്.