ജപ്പാന്‍: അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ഒക്കിനാവ
1 min readടോക്കിയോ: കോവിഡ് -19 കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ദ്ധനവിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒക്കിനാവ പ്രാദേശിക ഭരണകൂടം ജപ്പാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഒക്കിനാവയില്‍ ആദ്യമായി വൈറസ് ബാധിതരുടെ എണ്ണം 200കടന്നു. ബുധനാഴ്ച 203 പേരാണ് പോസിറ്റീവായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇവിടെ വൈറസ് ബാധിരുടെ എണ്ണം ഉയരുന്നത്. ഒക്കിനാവ ഗവര്‍ണര്‍ ഡെന്നി തമാകി പ്രാദേശിക സര്‍ക്കാരിന്‍റെ ടാസ്ക് ഫോഴ്സുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തി. ഇതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
‘അടിയന്തരാവസ്ഥയിലുള്ള മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്കിനാവയിലെ പ്രതിവാരകേസുകളുടെ എണ്ണം ഒരേ നിലയിലാണ്. അതിനാല്‍ ഇവിടെ എത്രയും വേഗം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്’തമാകിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.ഒക്കിനാവയിലെ വൈറസ് അവസ്ഥ നാലാം ഘട്ടത്തിലെത്തി. ജാപ്പനീസ് സര്‍ക്കാരിന്‍റെ കണക്കില്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. വൈറസിന്‍റെ വ്യാപനത്തിന്‍റെ തീവ്രതയെയും ആഘാതത്തെയും തരംതിരിക്കാനായാണ് ഇതിനെ ഓരോഘട്ടമായി തിരിക്കുന്നത്.
1.5 ദശലക്ഷം ജനസംഖ്യയുള്ള ഒക്കിനാവയും ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതിനാല്‍ അത് പ്രാദേശിക ആരോഗ്യസംരക്ഷണ സംവിധാനത്തിന് അമിതഭാരമാകുകയാണ്. ഒക്കിനാവയിലെ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും അടിയന്തരാവസ്ഥയില്‍ ചേര്‍ക്കാനുള്ള അവരുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ വേഗത്തില്‍ അവലോകനം ചെയ്യുമെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി കട്സുനോബു കറ്റോ പറഞ്ഞു.
ടോക്കിയോ, ഒസാക്ക എന്നിവയുള്‍പ്പെടെ ജപ്പാനിലുടനീളമുള്ള ഒമ്പത് പ്രിഫെക്ചറുകള്‍ നിലവില്‍ അടിയന്തരാവസ്ഥയിലാണ്, എന്നിരുന്നാലും ഇവ മെയ് 31 ന് എടുത്തുകളയും. അടിയന്തരാവസ്ഥയില്‍, രാത്രി 8 മണിക്ക് മുമ്പ് ബാറുകളും റെസ്റ്റോറന്‍റുകളും അടയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരമുണ്ട്. മദ്യം വിളമ്പാതിരിക്കാനും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളോടും താല്‍ക്കാലികമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനോ അവരുടെ സൗകര്യങ്ങള്‍ നേരത്തെ അവസാനിപ്പിക്കാനോ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം. വേദികളുടെ പകുതി ശേഷിയില്‍ ഉള്‍ക്കൊള്ളാവുന്ന ജനങ്ങളെ മാത്രമെ സ്പോര്‍ട്സ് പോലുള്ള പരിപാടികള്‍ക്ക് അനുവദിക്കു. പ്രത്യേക പരിപാടികള്‍ രാത്രി 9ന് മുമ്പ് അവസാനിപ്പിക്കുകയും വേണം.
രാജ്യത്തിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലായതിനാല്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള സര്‍ക്കാരിന്‍റെ പ്രതികരണത്തെ ചില ഗവര്‍ണര്‍മാര്‍ വിമര്‍ശിക്കുന്നുമുണ്ട്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജപ്പാന്‍ ഇതുവരെ ജനസംഖ്യയുടെ വെറും 4 ശതമാനം വരെ ഒരു ഷോട്ട് എങ്കിലും നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജപ്പാനിലെ ആകെയുള്ള കോവിഡ് രോഗികളടെ എണ്ണം 692,702 ഉം മരണം 11,851 ഉം ആണ്.