കോവിഡ് നെഗറ്റീവായവര്‍ ഒമ്പത് മാസത്തിനകം വാക്സിനെടുത്താല്‍ മതിയാകും
- വാക്സിനെടുക്കാന്‍ 3 മുതല്‍ 9 മാസം വരെ കാത്തിരിക്കാം
- നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍റേതാണ് നിര്‍ദേശം
- ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി കാത്തിരിക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് 19 ബാധയേറ്റ് നെഗറ്റീവായവര്‍ വാക്സിനെടുക്കുന്നതിന് മൂന്ന് മുതല്‍ ഒമ്പത് മാസം വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ സമിതി. നാഷണല്‍ ടെക്ക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ (എന്‍ടിഎജിഐ) ആണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ് ഈ നിര്‍ദേശങ്ങള്‍.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. രണ്ട് നിര്‍ദേശങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം ഉടന്‍ അനുമതി നല്‍കുമെന്നാണ് വിവരം. നിലവില്‍ 18 കോടിയോളം പേര്‍ക്കാണ് ഇന്ത്യ കുത്തിവയ്പ്പ് നടത്തിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് തുടങ്ങിയ മൂന്ന് വാക്സിനുകളാണ് ഇപ്പോള്‍ രാജ്യം ഉപയോഗപ്പെടുത്തുന്നത്.
കോവിഡ് ബാധിച്ച് മുക്തി നേടിയവര്‍ വാക്സിനെടുക്കാന്‍ ഏറ്റവും ചുരുങ്ങിയത് 90 ദിവസം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് യുഎസ് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശിക്കുന്നത്. ഒരു തവണ കോവിഡ് വന്ന് മാറുമ്പോള്‍ വൈറസിനെതിരെ പ്രതിരോധം ശരീരം നേടിയിട്ടുണ്ടാകും. അത് കുറച്ച് മാസങ്ങള്‍ നില്‍ക്കും. അതിനാല്‍ തന്നെ രോഗം മാറി എട്ട് ആഴ്ച്ചകള്‍ക്ക് ശേഷം മാത്രം വാക്സിന്‍റെ ആദ്യ ഡോസ് എടുത്താല്‍ മതിയെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ പരിഗണിക്കുന്ന സര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടാകും.