ശ്രദ്ധ പിടിച്ചുപറ്റി മെഴ്‌സേഡസ് ബെന്‍സ് ഇക്യുടി കണ്‍സെപ്റ്റ്
റെനോ കങ്കൂ ഇലക്ട്രിക് അടിസ്ഥാനമാക്കിയാണ് ‘ഇക്യു’ ഉപബ്രാന്‍ഡില്‍ ഓള്‍ ഇലക്ട്രിക് ടി ക്ലാസ് വാന്‍ വികസിപ്പിച്ചത്
സ്റ്റുട്ട്ഗാര്‍ട്ട്: മെഴ്‌സേഡസ് ബെന്‍സ് തങ്ങളുടെ ‘ഇക്യു’ ഓള്‍ ഇലക്ട്രിക് ഉപബ്രാന്‍ഡില്‍ മോഡലുകള്‍ ഓരോന്നായി അവതരിപ്പിക്കുകയാണ്. നിലവില്‍ അഞ്ച് മോഡലുകളാണ് ഇക്യു കുടുംബത്തിലുള്ളത്. ഇപ്പോള്‍ ഇക്യുടി എന്ന കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ത്രീ പോയന്റഡ് സ്റ്റാര്‍. അടുത്ത വര്‍ഷം അരങ്ങേറ്റം നടത്തുന്ന ഓള്‍ ഇലക്ട്രിക് ടി ക്ലാസ് വാന്‍ ആയിരിക്കും ഇക്യുടി. മൂന്ന് നിരകളിലായി ഏഴ് സീറ്റുകള്‍ നല്‍കിയതാണ് ഇക്യുടി കണ്‍സെപ്റ്റ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4945 എംഎം, 1863 എംഎം, 1826 എംഎം എന്നിങ്ങനെയാണ്. റെനോ കങ്കൂ ഇലക്ട്രിക് അടിസ്ഥാനമാക്കിയാണ് മെഴ്‌സേഡസ് ബെന്‍സ് ഇക്യുടി കണ്‍സെപ്റ്റ് വികസിപ്പിച്ചത്.
കറുത്ത പെയിന്റ് സ്‌കീം നല്‍കിയാണ് കോംപാക്റ്റ് ഇലക്ട്രിക് വാന്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. കോണ്‍ട്രാസ്റ്റ് ലൈറ്റുകളും നല്‍കിയിരിക്കുന്നു. സ്ലീക്ക് ഹെഡ്‌ലാംപുകള്‍, നാമമാത്ര ബോഡി ക്രീസുകള്‍, വലിയ 21 ഇഞ്ച് എയ്‌റോ വീലുകള്‍ എന്നിങ്ങനെ ഇക്യു സ്‌റ്റൈലിംഗ് ലഭിച്ചു. ഇക്യുടി വിപണിയിലെത്തുമ്പോള്‍ ഇപ്പോഴത്തെ കണ്‍സെപ്റ്റ് വാഹനത്തിലെ മിക്ക സ്റ്റൈലിംഗ്, ഡിസൈന്‍ ഘടകങ്ങളും നിലനിര്‍ത്തും.
റെനോ കങ്കൂ ഇലക്ട്രിക് പോലെ, പിന്‍ നിരയിലെ യാത്രക്കാര്‍ക്കായി സ്ലൈഡിംഗ് ഡോര്‍ നല്‍കി. ഫ്‌ളാറ്റ് റൂഫ്‌ലൈന്‍ കാണാം. പിറകിലെ ത്രീ ക്വാര്‍ട്ടറുകള്‍ ഇക്യുടി കണ്‍സെപ്റ്റില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. നിവര്‍ന്ന ടെയ്ല്‍ഗേറ്റ്, സ്ലീക്ക് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവ ഫ്യൂച്ചറിസ്റ്റിക് എന്ന് വിശേഷിപ്പിക്കാം.
വാഹനത്തിനകത്ത്, മറ്റ് ഇക്യു മോഡലുകള്‍ പോലെ സമൃദ്ധമല്ല ഡാഷ്‌ബോര്‍ഡ്. എംബിയുഎക്‌സ് സിസ്റ്റം ലഭിച്ചതാണ് ഫ്‌ളോട്ടിംഗ് സ്‌ക്രീന്‍. ഗിയര്‍ ലിവര്‍ ഡാഷ്‌ബോര്‍ഡില്‍ നല്‍കി. ഓള്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കിയില്ല. വിപണി വിടുന്ന സി ക്ലാസില്‍ കാണുന്ന അതേ സ്റ്റിയറിംഗ് വളയം നല്‍കി. ബോക്‌സി ബോഡിയില്‍ കാര്‍ഗോ സൂക്ഷിക്കുന്നതിന് ധാരാളം സ്ഥലസൗകര്യം ഉണ്ടായിരിക്കും. അധിക കാര്‍ഗോ സൂക്ഷിക്കുന്നതിന് മടക്കാനും വേണമെങ്കില്‍ അഴിച്ചുവെയ്ക്കാനും കഴിയുന്നതാണ് മൂന്നാം നിര.
സാങ്കേതിക വിശദാംശങ്ങള്‍ തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റെനോ കങ്കൂ ഇ ടെക് ഉപയോഗിക്കുന്ന അതേ 45 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. റെനോ കങ്കൂ ഇ ടെക് വാഹനത്തിലെ ഇലക്ട്രിക് മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 250 മുതല്‍ 260 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന വേര്‍ഷനും ഇതോടൊപ്പം വില്‍ക്കും. മെഴ്‌സേഡസ് ബെന്‍സ് ഇക്യുടി, ഐസി എന്‍ജിന്‍ കരുത്തേകുന്ന ടി ക്ലാസ് എന്നിവ ഈ വര്‍ഷം പ്രൊഡക്ഷന്‍ റെഡി രൂപത്തില്‍ അനാവരണം ചെയ്യും. അടുത്ത വര്‍ഷം വില്‍പ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.