വാക്‌സിനെടുത്തതിന് ശേഷമുള്ള രക്തം കട്ട പിടിക്കല്‍ ലക്ഷണങ്ങള്‍ എന്തൊക്കെ?
1 min readഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്ത പത്ത് ലക്ഷം പേരില്‍ 0.61 കേസുകളില്‍ മാത്രമാണ് നിലവില്‍ രക്തം കട്ട പിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി: അസ്ട്രാസെനകയുടെ കോവിഡ്-19 വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചതിന് ശേഷം രക്തം കട്ട പിടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വളരെ ചെറിയ ശതമാനം ആളുകളില്‍ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്ന് വാക്‌സിനുകളില്‍ ഒന്നായ കോവിഷീല്‍ഡ് പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിക്കുന്നത്.
ഇന്ത്യയിലെ പ്രതിരോധ കുത്തിവെപ്പിനെ തുടര്‍ന്നുള്ള മോശം സംഭവങ്ങള്‍ (എഇഎഫ്‌ഐ) വിവരങ്ങള്‍ പ്രകാരം കോവിഷീല്‍ഡ് വാക്‌സിനെടുത്തതിന് ശേഷം രക്തം കട്ടപിടിക്കുന്ന കേസുകള്‍ നാമമാത്രമാണെങ്കിലും ചുരുക്കംകേസുകളില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് നാഷണല്‍ എഇഎഫ്‌ഐ ഡാറ്റ മുന്‍നിര്‍ത്തി ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്തക്കുഴലുകളില്‍ രക്തക്കട്ട രൂപപ്പെടുകയും പലപ്പോഴും രക്തത്തിലൂടെ ഒഴുകി അത് മറ്റൊരു രക്തക്കുഴലില്‍ തടസ്സമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരം സംഭവങ്ങളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകരെയും വാക്‌സിന്‍ ഗുണഭോക്താക്കളെയും ബോധവല്‍ക്കരിക്കുന്നതിനും ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനുമായി ആരോഗ്യമന്ത്രാലയം ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് (പ്രത്യേകിച്ച് കോവിഷീല്‍ഡ്)20 ദിവസങ്ങള്‍ക്കുള്ളിലാണ് രക്തക്കട്ട രൂപപ്പെടാന്‍ സാധ്യത. ചില ലക്ഷണങ്ങളിലൂടെ രക്തക്കുഴലുകളിലെ രക്തക്കട്ട തിരിച്ചറിയാന്‍ സാധിക്കും.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ രക്തക്കട്ട രൂപപ്പെട്ടാല്‍ ഉണ്ടാകാവുന്ന ലക്ഷണങ്ങള്‍ ഇവയാണ്
-
-
-
ശ്വാസതടസ്സം
-
നെഞ്ചുവേദന
-
കൈകാലുകളില്‍ വേദന അല്ലെങ്കില്‍ നീര്
-
കുത്തിവെപ്പ് എടുത്ത സ്ഥലങ്ങളില്‍ അല്ലാതെ തൊലിയില്‍ ചെറിയ ചുവന്ന പാടുകള്‍ അല്ലെങ്കില്‍ ചതവുകള്‍
-
അടിവയറ്റില്‍ തുടര്‍ച്ചയായി വേദന, ചിലപ്പോള്‍ ഛര്‍ദ്ദിക്കാനുള്ള തോന്നല്‍
-
മുമ്പ് അപസ്മാരം ഇല്ലാത്തവരില്‍ അത്തരം ലക്ഷണങ്ങള്‍
-
മുമ്പ് മൈഗ്രനോ കടുത്ത തലവേദനയോ ഇല്ലാത്തവരില്‍ ഛര്‍ദ്ദിയോട് കൂടിയോ അല്ലാതെയോ കടുത്ത, തുടര്‍ച്ചയായുള്ള തലവേദന
-
കൈകാലുകളുടെ ബലക്കുറവ് അല്ലെങ്കില്‍ തളര്‍ച്ച, പ്രത്യേകിച്ച് മുഖമടക്കം ഒരു വശത്ത്
-
പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെയുള്ള ഛര്‍ദ്ദി
-
മാനസികമായ ബുദ്ധിമുട്ടുകള്‍, ആശയക്കുഴപ്പം, അബോധാവസ്ഥ
-
മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍
-
-
വാക്‌സിന്‍ എടുത്തതിന് ശേഷമുള്ള 498ഓളം ഗുരുതരമായ കേസുകളാണ് ഇന്ത്യയില്‍ എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ചത്. ഇതില്‍ 26 കേസുകളിലാണ് കോവിഷീല്‍ഡ് വാക്‌സിന് എടുത്തതിന് ശേഷം രക്തക്കട്ട രൂപപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്ത് ലക്ഷം കേസുകളില്‍ 0.61 കേസുകള്‍ എന്ന തോതിലാണിത്.