സൗജന്യമായി കാണാം . ആമസോണ്‍ മിനി ടിവി അവതരിപ്പിച്ചു
നിലവിലെ ആമസോണ്‍ ഷോപ്പിംഗ് ആപ്പില്‍ മിനി ടിവി ലഭ്യമായിരിക്കും. തല്‍ക്കാലം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് വീഡിയോ സ്ട്രീമിംഗ് സേവനം ലഭിക്കുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആമസോണ്‍ മിനി ടിവി അവതരിപ്പിച്ചു. വെബ് സീരീസ്, കോമഡി ഷോകള്‍, ബ്യൂട്ടി വീഡിയോകള്‍, ഫാഷന്‍ വീഡിയോകള്‍ എന്നിവ കാണാന്‍ കഴിയുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ മിനി ടിവി. നിലവിലെ ആമസോണ്‍ ഷോപ്പിംഗ് ആപ്പില്‍ മിനി ടിവി ലഭ്യമായിരിക്കും. എന്നാല്‍ തല്‍ക്കാലം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് വീഡിയോ സ്ട്രീമിംഗ് സേവനം ലഭിക്കുന്നത്. വീഡിയോകള്‍ സൗജന്യമായി കാണാം. അതുകൊണ്ടുതന്നെ പരസ്യങ്ങള്‍ ഉണ്ടായിരിക്കും. ആമസോണ്‍ ആപ്പിന്റെ ഹോം പേജില്‍ മിനി ടിവി എന്ന് കാണാന്‍ കഴിയും. ഇവിടെ ക്ലിക്ക് ചെയ്താല്‍ മിനി ടിവിയുടെ ലാന്‍ഡിംഗ് പേജില്‍ പ്രവേശിക്കും. പ്രമുഖ യൂട്യൂബ് ക്രിയേറ്റര്‍മാരുടെ ഉള്ളടക്കങ്ങള്‍ ആമസോണ്‍ മിനി ടിവിയില്‍ ഉണ്ടായിരിക്കും.
ആമസോണ്‍ പ്രൈം വീഡിയോയില്‍നിന്ന് വ്യത്യസ്തമാണ് മിനി ടിവി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം. ആമസോണ്‍ മിനി ടിവി സൗജന്യമാണ് എന്നതാണ് പ്രധാന വ്യത്യാസം. പ്രത്യേക ആപ്പാണ് ആമസോണ്‍ പ്രൈം വീഡിയോ. മൂന്ന് മാസത്തിന് 329 രൂപ മുതല്‍ പ്രതിവര്‍ഷം 999 രൂപ വരെ പ്രൈം അംഗത്വം വഴി മാത്രമാണ് ആമസോണ്‍ പ്രൈം വീഡിയോ ഉപയോഗിക്കാന്‍ കഴിയുന്നത്. മാത്രമല്ല, ആമസോണ്‍ ഒറിജിനല്‍സ്, മറ്റ് എക്‌സ്‌ക്ലുസീവ് ഉള്ളടക്കങ്ങള്‍ എന്നിവ പ്രൈം വീഡിയോ നല്‍കുന്നു. അതേസമയം, വെബ് സീരീസ്, കോമഡി ഷോകള്‍, ടെക് വാര്‍ത്തകള്‍, ഫുഡ്, ബ്യൂട്ടി, ഫാഷന്‍ വീഡിയോകള്‍ എന്നിവയുടെ ക്യൂറേറ്ററാണ് മിനി ടിവി. ഈ വീഡിയോകള്‍ ആമസോണ്‍ ആപ്പിനകത്ത് കാണാന്‍ കഴിയും.
നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ആമസോണ്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആമസോണ്‍ മിനി ടിവി വീഡിയോ സ്ട്രീമിംഗ് സേവനം ലഭിക്കും. ഐഒഎസ് ആപ്പിലും മൊബീല്‍ വെബിലും വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.