പകര്‍ച്ചവ്യാധി നേട്ടമായി : ഏപ്രിലില്‍ 59 ശതമാനം വളര്‍ച്ച നേടി രാജ്യത്തെ മരുന്ന് വ്യവസായ മേഖല
1 min readമാര്‍ച്ചില്‍ 16 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ ഫാര്‍മ വിപണിയില്‍ രേഖപ്പെടുത്തിയത്
ന്യൂഡെല്‍ഹി കോവിഡ്-19ന്റെ പുതുതരംഗത്തില്‍ മരുന്നുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നതോടെ അസാധാരണ വളര്‍ച്ച സ്വന്തമാക്കി രാജ്യത്തെ ഔഷധ നിര്‍മ്മാണ, വ്യവസായ മേഖല. ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐഎംഎസ് ഹെല്‍ത്ത് മരുന്നുകളുടെ വില്‍പ്പന സംബന്ധിച്ച് നടത്തിയ ഓഡിറ്റ് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ഫാര്‍മ വിപണി (ഐപിഎം) കഴിഞ്ഞ മാസം 59 ശതമാനം വളര്‍ച്ച നേടി. കോവിഡ്-19യുമായി ബന്ധപ്പെട്ട് മരുന്നുകളുടെ വില്‍പ്പന കൂടിയതാണ് മാര്‍ച്ചിലെ 16 ശതമാനം വളര്‍ച്ചയെയും കടത്തിവെട്ടി ഏപ്രിലില്‍ മരുന്ന് വില്‍പ്പന ഇരട്ടി വളര്‍ച്ച നേടാനുള്ള കാരണം.
മാറ്റ് (മൂവിംഗ് ആനുവല്‍ ടേണ്‍ഓവര്‍) പ്രകാരം ഐപിഎം 9.6 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം നേടിയത്. മരുന്നുകളുടെ വിലയിലുള്ള വളര്‍ച്ചയും (4.3 ശതമാനം) പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത് മൂലമുള്ള വളര്‍ച്ചയും (4.6 ശതമാനം) ആണ് ഇന്ത്യന്‍ ഫാര്‍മ വിപണിയെ അസാധാരണ വളര്‍ച്ചയിലേക്ക് നയിച്ചത്. അതേസമയം മരുന്നുകളുടെ അളവില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല (0.8 ശതമാനം).
എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ പ്രധാന തെറാപ്പികളും ഏപ്രിലില്‍ ഇരട്ട അക്ക വളര്‍ച്ച നേടി. ഗുരുതര രോഗങ്ങള്‍ക്കുള്ള ക്രോണിക് തെറാപ്പികളില്‍ കാര്‍ഡിയാക് തെറാപ്പി 22 ശതമാനം വളര്‍ച്ചയും ആന്റി ഡയബറ്റിക് തെറാപ്പി 10 ശതമാനം വളര്‍ച്ചയും നേടി. വിഎംഎസ് (വൈറ്റമിന്‍, മിനറല്‍, സപ്ലിമെന്റുകള്‍) മേഖലയില്‍ 80 ശതമാനം റെക്കോഡ് വളര്‍ച്ചയാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ശ്വാസകോശ സംബന്ധമായ തെറാപ്പികള്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം 64 ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്തി.