ഭൂട്ടാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ ആസാം മുഖ്യമന്ത്രി
ഗുവഹത്തി: വ്യാപാരം വര്‍ദ്ധിപ്പിക്കാനും അയല്‍രാജ്യമായ ഭൂട്ടാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തയ്യാറെടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഭൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ഫബ് ഷേറിംഗ് കഴിഞ്ഞദിവസം ശര്‍മ്മയെ വിളിച്ചതായും ഇരുവരും പരസ്പര താല്‍പ്പര്യങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതായും ആസാം മുഖ്യമന്ത്രിയുടെ ഓഫീസിലെ (സിഎംഒ) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആസാമും ഭൂട്ടാനും തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും വ്യാപാരം വര്‍ദ്ധിപ്പിക്കണമെന്നും ബന്ധങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കണമെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു.
ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഭൂട്ടാന്‍ രാജാവിനെയും പ്രധാനമന്ത്രിയയെയുും ശര്‍മ്മ തന്‍റെ നന്ദി അറിയിച്ചു. ആസാമും ഭൂട്ടാനും പരസ്പര ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ശര്‍മ്മ ആവര്‍ത്തിച്ചതായി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.ഭൂട്ടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായി ആസാമിലേക്ക് വരാന്‍ മുഖ്യമന്ത്രിയുടെ സഹായവും ഭൂട്ടാന്‍ തേടിയിട്ടുണ്ട്.
ഭൂട്ടാന്‍റെ അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സംസ്ഥാനമാണ് ആസാം. അതിനാല്‍ സംസ്ഥാനവുമായി മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കേണ്ടത് അവര്‍ക്കാവശ്യമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തുള്ള പരിചയവും ശര്‍മ്മയ്ക്കുണ്ട്. അതിനാലാണ് വിജയിച്ച് മുഖ്യമന്ത്രി ആയ ശേഷം ശര്‍മ്മയുമായി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഭൂട്ടാന്‍ കോണ്‍സല്‍ ജനറല്‍ ഫബ് ഷേറിംഗ് അദ്ദേഹവുമായി സംഭാഷണം നടത്തിയത്.