ഗോ എയര്‍ ഐപിഒയ്ക്ക് ഫയല്‍ ചെയ്തു
1 min readമുംബൈ: ബജറ്റ് കാരിയറായ ഗോ എയര്‍ തങ്ങളുടെ ഐപിഒയ്ക്ക് മുന്നോടിയായി വിപണി നിയന്ത്രകരായ സെബിക്ക് ഡ്രാഫ്റ്റ് റെഡ് ഹൈറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പുതിയ ഓഹരികള്‍ വഴി 3,600 കോടി രൂപ സമാഹരിക്കാനാണ് ഗോ എയര്‍ പദ്ധതിയിടുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റിഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവ ഓഹരി വില്‍പ്പന നിയന്ത്രിക്കും.
വാഡിയ ഗ്രൂപ്പ് പിന്തുണയുള്ള എയര്‍ലൈന്‍ അതിന്‍റെ വിപുലീകരണത്തിനു വേണ്ടിയാണ് ഐപിഒ-യില്‍ നിന്നുള്ള സമാഹരണം പ്രധാനമായും വിനിയോഗിക്കുക. സ്പൈസ് ജെറ്റിനും ഇന്‍ഡിഗോയ്ക്കും ശേഷം ലിസ്റ്റിംഗിലേക്ക് നീങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ കാരിയറാണ് ഗോ എയര്‍. 2005ല്‍ ആരംഭിച്ച എയര്‍ലൈനിന് നിലവില്‍ ഇന്ത്യയില്‍ 9.5 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്.
അതേസമയം, കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ ആഘാതം പരിഹരിക്കുന്നതിന് കമ്പനിവളരെ കുറഞ്ഞ ചെലവിലുള്ള ബിസിനസ്സ് മോഡലിനായി ശ്രമിക്കുകയാണ്. ‘ഗോ ഫസ്റ്റ്’ എന്ന് റീബ്രാന്‍ഡ് ചെയ്താണ് കമ്പനി മുന്നോട്ടു പോകുന്നത്.
കോവിഡ് 19 ആഗോള മഹാമാരി ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം പ്രത്യാഘാതങ്ങള്‍ വരുത്തിയ മേഖലയാണ് വ്യോമയാനം. ഇതില്‍ നിന്നുള്ള തിരിച്ചുവരവിനും പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതുക്കിപ്പണിയുന്നതിനും വ്യോമയാന കമ്പനികള്‍ ശ്രമിക്കുകയാണ്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പനയും ഈ വര്‍ഷം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.