എയര്‍ അറേബ്യയുടെ ആദ്യപാദ അറ്റാദായത്തില്‍ 52 ശതമാനം ഇടിവ്
1 min readവെല്ലുവിളി നിഞ്ഞ സാഹചര്യത്തിലും ലാഭം നിലനിര്‍ത്താനായതില്‍ സന്തോഷമുണ്ടെന്ന് കമ്പനി ചെയര്‍മാന്‍
ദുബായ്: പശ്ചിമേഷ്യയിലെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ അറേബ്യയുടെ ആദ്യപാദ അറ്റാദായത്തില്‍ 52 ശതമാനം തകര്‍ച്ച. കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാവിലക്കുകളില്‍ വരുമാനം തകര്‍ന്നതാണ് അറ്റാദായം കുറയാനുള്ള പ്രധാനകാരണം. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളിലെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 71 മില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 34 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. ആദ്യപാദ വരുമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം ഇടിഞ്ഞ് 572 മില്യണ്‍ ദിര്‍ഹമായി.
അതേസമയം കോവിഡ്-19 പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ വ്യോമയാന മേഖലയൊന്നാകെ പിടിച്ചുലയ്ക്കുമ്പോഴും ലാഭം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ കമ്പനിക്ക് അഭിമാനമുണ്ടെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ഷേഖ് അബ്ദുള്ള അല്‍ താനി പറഞ്ഞു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട കര്‍ശനമായ യാത്ര നിയന്ത്രണങ്ങള്‍ ആദ്യപാദത്തിലും തുടര്‍ന്നെങ്കിലും ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസ് പുനഃരാരംഭിച്ചതും ചിലവ് ചുരുക്കല്‍ നടപടികള്‍ കാര്യക്ഷമമായി നടത്തിയതും ലാഭം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ചതായി ഷേഖ് അബ്ദുള്ള പറഞ്ഞു.
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുഎഇയിലെ ഏക വിമാനക്കമ്പനിയായ എയര്‍ അറേബ്യ ആദ്യപാദത്തില്‍ അഞ്ച് ഹബ്ബുകളില്‍ നിന്നായി 1.3 മില്യണ്‍ യാത്രികരെയാണ് വിവിധയിടങ്ങളില്‍ എത്തിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2.4 മില്യണ്‍ യാത്രക്കാരാണ് എയര്‍ അറേബ്യ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ലഭ്യമായ സീറ്റികളും യാത്രക്കാരുടെ എണ്ണവും തമ്മിലുള്ള അനുപാതമായ ശരാശരി സീറ്റ് ലോഡ് ഫാക്ടര്‍ ആദ്യപാദത്തില്‍ 77 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 83 ശതമാനമായിരുന്നു.
യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഹബ്ബുകള്‍ ഉള്ള എയര്‍ അറേബ്യ ആദ്യപാദത്തില്‍ ചുരുക്കം ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ് സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. സൗദി അറേബ്യയില്‍ നടന്ന ജിസിസി ഉച്ചക്കോടിയില്‍ അല്‍ ഉല ഉടമ്പടിയില്‍ ഒപ്പ് വെച്ചതിന് ശേഷം ഖത്തറിനും യുഎഇക്കുമിടയിലുള്ള വ്യോമ, കര, നാവിക അതിര്‍ത്തികള്‍ തുറന്നത് എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികള്‍ക്ക് നേട്ടമായിരുന്നു. ഷാര്‍ജ – ദോഹ, അലെക്‌സാണ്ട്രിയ – ദോഹ റൂട്ടുകള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ എയര്‍ അറേബ്യയ്ക്ക് സഹായകമായി.
കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാനിരോധനങ്ങള്‍ നീങ്ങിയതിന് ശേഷം ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ എയര്‍ അറേബ്യ അബുദാബി പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ആയ ടോണി ഡഗ്ലസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.