ധനക്കമ്മി കുറയുന്നത് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗിന് നേട്ടമാകും: മൂഡീസ്
1 min readആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണയിതര ധനക്കമ്മിയാണ് ഈ വര്‍ഷം ആദ്യപാദത്തില്‍ രേഖപ്പെടുത്തിയത്
റിയാദ്: ആദ്യപാദത്തില്‍ സൗദി അറേബ്യയുടെ വരവ് ചിലവുകള്‍ തമ്മിലുള്ള വിടവ് കുത്തനെ കുറഞ്ഞത് സര്‍ക്കാരിന്റെ ധനകാര്യ വിഷയങ്ങളിലെ ഘടനാപരമായ അഭിവൃദ്ധിയാണ് സൂചിപ്പിക്കുന്നതെന്നും ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്താന്‍ സൗദിക്കിത് നേട്ടമാകുമെന്നും മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസ്. എണ്ണവില കൂടിയതും ചിലവിടല്‍ കുറഞ്ഞതുമാണ് പ്രധാനമായും ബജറ്റിലെ ധനക്കമ്മി കുറയ്ക്കാന്‍ സഹായമായതെങ്കിലും വാറ്റ് വര്‍ധന, മൂലധന ചിലവിടല്‍ എന്നിവയും ധനക്കമ്മി കുറയാന്‍ കാരണമായതായി മൂഡീസ് നിരീക്ഷിച്ചു. എണ്ണയിതര ധനക്കമ്മി ആറുവര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതാണ് ഏറ്റവും സുപ്രധാനമായ നേട്ടമെന്നും മൂഡീസ് ചൂണ്ടിക്കാട്ടി.
2021 ആദ്യപാദത്തില്‍ 2 ബില്യണ്‍ ഡോളറിന്റെ ധനക്കമ്മിയാണ് സൗദി അറേബ്യ രേഖപ്പെടുത്തിയത്. 2020 നാലാംപാദത്തില്‍ ഇത് 29 ബില്യണ്‍ ഡോളറായിരുന്നു. ഘടനാപരമാ മാറ്റങ്ങള്‍ നടപ്പിലാകുമ്പോള്‍ ആഗോള തലത്തിലുള്ള എണ്ണവിലയിലും ഡിമാന്‍ഡിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന അവസ്ഥ കുറയും. ഈ സ്ഥിതി തുടര്‍ന്നാല്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായി കഴിഞ്ഞ വര്‍ഷമുണ്ടായ സാമ്പത്തിക നഷ്ടം നികത്താന്‍ സൗദിക്ക് കഴിയും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും, റിപ്പോര്‍ട്ടില്‍ മൂഡീസ് നിരീക്ഷിച്ചു.
നിലവില്‍ നെഗറ്റീവ് ഔട്ട്‌ലുക്കോട് കൂടിയ A1 ക്രെഡിറ്റ് റേറ്റിംഗാണ് മൂഡീല് സൗദിക്ക് നല്‍കിയിരിക്കുന്നത്. അഞ്ചാമത്തെ വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് ആണത്. സൗദി അറേബ്യയിലെ എണ്ണയിതര സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് മൂഡീസിന്റെ പ്രവചനം. 2020ല്‍ 2.3 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പട്ട സ്ഥാനത്താണിത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ ഈ സാമ്പത്തിക ഞെരുക്കം ഘടനപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടും വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയത് കൊണ്ടും എണ്ണയിതര മേഖലയിലുള്ള വളര്‍ച്ചയുടെ താളം തെറ്റിച്ചതായും മൂഡീസ് അഭിപ്രായപ്പെട്ടു.