‘ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദം കോവിഡ് വാക്‌സിനെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല’
1 min readഇപ്പോള്‍ ലഭ്യമായ എല്ലാ വാക്‌സിനുകളും കോവിഡ്-19 രോഗതീവ്രത കുറയ്ക്കുമെന്നും വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് രോഗം പിടിപെട്ടാലും ഭൂരിഭാഗം കേസുകളിലും രോഗം ഗുരുതരമാകുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍
ഇരട്ട വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദം വാക്‌സിനുകളെ പ്രതിരോധിക്കുമെന്നതിന് നിലവില്‍ ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംങടനയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം വാക്‌സിനുകളെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ പറഞ്ഞതായി ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി ഡോ. സൗമ്യ രംഗത്തെത്തിയിരിക്കുന്നത്.
B.1.617 എന്ന കൊറോണ വൈറസ് വകഭേദത്തിന് വാക്‌സിനേഷനിലൂടെ കൈവരുന്ന പ്രതിരോധ ശേഷി തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ലെന്ന് സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തില്‍ ഡോ. സൗമ്യ വ്യക്തമാക്കി. നിലവില്‍ ലഭ്യമായ എല്ലാ വാക്‌സിനുകളും രോഗതീവ്രത കുറയ്ക്കും. വാക്‌സിന്‍ എടുത്തതിന് ശേഷവും ഒരു വ്യക്തിക്ക് കോവിഡ്-19 പിടിപെടുകയാണെങ്കില്‍ ഭൂരിഭാഗം കേസുകളിലും രോഗം ഗുരുതരമാകുന്നില്ലെന്നും ഡോ. സൗമ്യ നിരീക്ഷിച്ചു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന്റെ കാരണം ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദമാണോ എന്ന ചോദ്യത്തിന് കേസുകള്‍ കുത്തനെ ഉയര്‍ന്നതില്‍ B.1.617ന് പങ്കുണ്ടെന്നാണ് ഇടക്കാല വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്നും എന്നാല്‍ രൂക്ഷമായ രോഗവ്യാപനത്തിന് കാരണം ഈ വകഭേദമാണെന്ന് പൂര്‍ണമായി തെളിയിക്കുന്നതിന് മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഡോ.സൗമ്യ മറുപടി പറഞ്ഞു.
നിലവില്‍ ഈ വകഭേദത്തിന് രോഗവ്യാപന ശേഷി കൂടുതലാണെന്നാണ് മനസിലാക്കേണ്ടത്, കാരണം ഇത് മൂലം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് തെളിയിക്കുന്നതിന് മതിയായ വിവരങ്ങളില്ല. ഇന്ത്യയില്‍ നിന്ന് വരുന്ന വിവരങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. രണ്ടാം തരംഗം ഇന്ത്യയില്‍ എപ്പോഴാണ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കിലും തുടക്കത്തില്‍ രോഗബാധയില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ രോഗവ്യാപനം നേര്‍രേഖയിലായെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുകയാണെന്നും അവര്‍ മറുപടി പറഞ്ഞു.
വാക്‌സിന്‍ വിഷയത്തില്‍ പേറ്റന്റില്‍ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായും അവര്‍ അറിയിച്ചു. പേറ്റന്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആത് ആദ്യ ചുവടുവെപ്പാണ്. പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല. മറ്റ് ലളിതമായ മരുന്നുകളെ അപേക്ഷിച്ച് നിര്‍മിക്കാന്‍ വളരെ സങ്കീര്‍ണവും ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് വാക്‌സിനുകളെന്ന് സാങ്കേതികവിദ്യയുടെ കൈമാറ്റവും ഒരുപോലെ നിര്‍ണായകമാണെന്ന് വിശദീകരിച്ച് കൊണ്ട് ഡോ. സൗമ്യ പറഞ്ഞു. ദീര്‍ഘകാലം സമയമെടുത്തേ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിക്കൂ. അതുകൊണ്ടാണ് പേറ്റന്റില്‍ ഇളവ് നല്‍കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ കൈമാറ്റവും ആവശ്യമാണെന്ന് പറയുന്നത്.
അതുമാത്രമാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള വഴി. അത് വളരെ സുതാര്യമായ രീതിയില്‍ ചെയ്യേണ്ട ഒന്നാണ്. അത്തരം കരാറുകളുടെ ഫലമായി പുറത്തുവരുന്ന ഡോസുകള്‍ കോവാക്‌സ് പദ്ധതിക്കായി ലഭ്യമാക്കണമെന്നും സ്വകാര്യമായി വാങ്ങാന്‍ അനുവദിക്കരുതെന്നും ഡോ.സൗമ്യ അഭിപ്രായപ്പെട്ടു. വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയും ഗവി വാക്‌സിന്‍ കൂട്ടായ്മയും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കോവാക്‌സ്.
വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കിയ രാജ്യങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും ഡോ.സൗമ്യ മുന്നറിയിപ്പ് നല്‍കി. 60 ശതമാനം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള 40 ശതമാനം പേരില്‍ അപ്പോഴും രോഗ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ആദ്യം തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയതില്‍ ഇന്ത്യയെ അഭിനന്ദിക്കണമെന്നും ഡോ.സൗമ്യ പറഞ്ഞു, അതേസമയം ഭാവിയിലെ വാക്‌സിന്‍ വിതരണം സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് മുന്‍വിചാരമുണ്ടായിരിക്കണമെന്നും
ലോകത്ത് ഏതാണ്ട് 150 ഓളം രാജ്യങ്ങള്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ വാക്‌സിനുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അംഗീകാരം ലഭിച്ച വാക്‌സിനുകള്‍ കോവിഡ്-19നെതിരെ ഫലപ്രദമാണെന്ന് നേരത്തെ പരിശോധനകളില്‍ തെളിയിക്കപ്പെട്ടിരുന്നെങ്കിലും പ്രതിരോധ കുത്തിവെപ്പുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി ഇതിന് യഥാര്‍ത്ഥത്തിലുള്ള തെളിവാണ്. പകുതിയിലധികം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച ഇസ്രയേലില്‍ രോഗത്തിനെതിരെ 90 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന്‍ പ്രകടമാക്കുന്നത്.