കോവിഡ് ബാധ : 2020-21ലെ വാഹന രജിസ്ട്രേഷന്‍ 8 വര്‍ഷങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയില്‍
1 min readഏപ്രിലില്‍ ഉണ്ടായത് 28% ഇടിവ്, ട്രാക്റ്റര്‍ വിഭാഗത്തിലും ഇടിവ്
ന്യൂഡെല്‍ഹി: കോവിഡ് 19 വ്യാപനം രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) നല്‍കുന്ന കണക്കുകള്‍ പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം വാഹന രജിസ്ട്രേഷന്‍ 29.85 ശതമാനം കുറഞ്ഞ് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിലെ2,17,68,502 യൂണിറ്റിനെ അപേക്ഷിച്ച് രജിസ്ട്രേഷന്‍ കണക്കുകള്‍ 1,52,71,519 യൂണിറ്റായി കുറഞ്ഞു.
ട്രാക്ടറുകള്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തിലുള്ള വാഹനങ്ങളുടെയും വില്‍പ്പന 2020-21ല്‍ ഇടിവാണ് പ്രകടമാക്കിയത്. ഇരുചക്രവാഹനങ്ങള്‍ 31.51 ശതമാനം ഇടിവ് രജിസ്ട്രേഷനില്‍ പ്രകടമാക്കി. ത്രീ വീലര്‍ വിഭാഗത്തില്‍ 64.12 ശതമാനം ഇടിവ്, വാണിജ്യ വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും 13.96 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വിഭാഗങ്ങളിലെല്ലാം 2012-13 സാമ്പത്തിക വര്‍ഷത്തേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു വില്‍പ്പന.
പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 2019-20ല്‍ 27,73,514 യൂണിറ്റ് ആയിരുന്നുവെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 23,86,316 യൂണിറ്റ് ആയിരുന്നു. ഇരുചക്രവാഹനങ്ങള്‍ 2019-20ലെ 1,68,38,965ല്‍ നിന്ന് 1,15,33,336 യൂണിറ്റില്‍ എത്തി. ത്രീ-വീലറുകളുടെ രജിസ്ട്രേഷന്‍ 2,58,174 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇത് 7,19,594 ആയിരുന്നു. വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ 4,48,914 യൂണിറ്റാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8,81,114 യൂണിറ്റിന്‍റെ രജിസ്ട്രേഷന്‍ നടന്ന സ്ഥാനത്താണിത്.
ട്രാക്ടര്‍ രജിസ്ട്രേഷനില്‍ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.11 ശതമാനം വളര്‍ച്ച കൈവരിച്ചത്. 6,44,779 യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ നടന്നു. 2019-20ല്‍ ഇത് 5,55,315 യൂണിറ്റായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കമായ ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രാക്റ്റര്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹന വിഭാഗങ്ങളുടെയും വില്‍പ്പന ഇടിയുന്നതാണ് കാണുന്നത്.
മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഏപ്രിലില്‍ വാഹന രജിസ്ട്രേഷന്‍ 28.15 ശതമാനം ഇടിഞ്ഞ് 11,85,374 യൂണിറ്റായി. 16,49,678 യൂണിറ്റാണ് മാര്‍ച്ചില്‍ രജിസ്ട്രേഷന്‍ നടത്തിയത്. 2021 ഏപ്രിലിലെ കണക്കുകള്‍, 2020 ഏപ്രിലുമായി ഒരു താരതമ്യവും നടത്താനാകില്ലെന്ന് എഫ്എഡിഎ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ രാജ്യം പൂര്‍ണമായും ലോക്ക്ഡൗണില്‍ ആയിരുന്നതിനാല്‍ ഒരു വാഹനം പോലും വില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല.
ഏപ്രിലില്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കനത്തതും ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടതുമാണ് വാഹന രജിസ്ട്രേഷനിലെ വലിയ ഇടിവിന് കാരണം. ഇത്തവണ ഏപ്രിലില്‍ പക്ഷേ, രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യം കടുത്തതാണെന്നും അതിനാല്‍ മേയില്‍ കൂടുതല്‍ ഇടിവ് വാഹന രജിസ്ട്രേഷനില്‍ ഉണ്ടാകുമെന്നുമാണ് എഫ്എഡിഎ വിലയിരുത്തുന്നത്.