തെലങ്കാനയില്‍ വാക്‌സിന് വിതരണത്തിന് ഡ്രോണുകള്‍
1 min readBVLOS, VLOS ഡ്രോണുകളുടെ പരീക്ഷണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
കൊറോണ വൈറസിനെതിരായ വാക്‌സിനുകളുടെ വിതരണത്തിന് ഡ്രോണുകളെ ഉപയോഗിക്കുന്നതിന് തെലങ്കാനയ്ക്ക് അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (BVLOS) ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഉപാധികളോടെയുള്ള അനുമതിയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും നല്‍കിയിരിക്കുന്നത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഡ്രോണുകളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് 2021ലെ ആളില്ലാ വിമാന( യുഎഎസ്) നിയമങ്ങളില്‍ നിന്ന് തെലങ്കാനയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം വാക്‌സിന്‍ വിതരണത്തിനായി വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (VLOS) ഡ്രോണുകള്‍ പരീക്ഷിക്കുന്നതിനും തെലങ്കാനയ്ക്ക് ഉപാധികളോടെ അനുമതി ലഭിച്ചിരുന്നു.
വികരാബാദ് ജില്ലയിലാണ് ഡ്രോണുകളെ ഉപയോഗിച്ചുള്ള വാക്‌സിന്‍ വിതരണത്തിന്റെ പരീക്ഷണം നടക്കുക. മതിയായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മേയ് അവസാനമോ ജൂണ്‍ ആദ്യ വാരമോ പരീക്ഷണം നടത്താനാകുമെന്നാണ് കരുതുന്നതെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. 2019 അവസാനം ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ തെലങ്കാന വിവര സാങ്കേതിക വകുപ്പ് മന്ത്രി കെ ടി രമ റാവു അവതരിപ്പിച്ച മെഡിസിന്‍ ഫ്രം സ്‌കൈ പ്രോജക്ടിന്റെ ഭാഗമാണ് വാക്‌സിന്‍ വിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കാനുള്ള പദ്ധതി.