പകുതിയിലധികം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ യുഎഇ പദ്ധതി
1 min readദുബായ് ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്ക് കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ ലഭ്യമാക്കാൻ യുഎഇ പദ്ധതി. വാക്സിൻ കുത്തിവെപ്പിൽ ഇസ്രയേലിന് ശേഷം ലോകത്ത് രണ്ടാംസ്ഥാനത്താണ് യുഎഇ. പ്രതിദിനം 180,000 ആളുകളാണ് രാജ്യത്ത് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നത്.
ഈ ആഴ്ച 1,167,251 പേർ യുഎഇയിൽ കൊറോണക്കെതിരായ വാക്സിൻ കുത്തിവെപ്പ് എടുത്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധിയിൽ നിന്നും രക്ഷപ്പെടുന്നതിനായി വാക്സിൻ സ്വീകരിക്കാൻ തദ്ദേശീയരെയും പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്ന സമഗ്രമായ പ്രചാരണ പരിപാടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നത്. ചൈനയിലെ സിനോഫാമിന്റെയും ഫൈസർ-ബയോടെക്കിന്റെയും വാക്സിനുകളാണ് യുഎഇയിൽ ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം റഷ്യയുടെ സ്പുട്നിക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അബുദാബിയിൽ നടക്കുന്നുണ്ട്.
കൊറോണക്കെതിരെ 86 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന സിനോഫാം വാക്സിൻ സൌജന്യമായാണ് യുഎഇ സർക്കാർ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ഫൈസർ ബയോൺടെക്കിന്റെ വാക്സിൻ ലഭ്യമാക്കുന്ന അഞ്ച് കേന്ദ്രങ്ങൾ ആരോഗ്യ വകുപ്പ് ദുബായിൽ ആരംഭിച്ചിട്ടുണ്ട്. 95 ശതമാനം ഫലപ്രാപ്തി പറയപ്പെടുന്ന ഈ വാക്സിൻ പക്ഷേ വളരെ കുറഞ്ഞ താപനിലയിൽ വേണം സൂക്ഷിക്കാൻ.