യുഎഇയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് തുടരും
1 min readകാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല
ദുബായ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് നീട്ടാന്‍ യുഎഇ തീരുമാനം. തദ്ദേശീയ വിമാനങ്ങള്‍ വഴിയും വിദേശ വിമാനങ്ങളിലൂടെയും യുഎഇയില്‍ എത്തുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎഇ വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
എന്നാല്‍ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് യുഎഇ വഴി യാത്രയാകാമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.
യാത്രാവിലക്കില്‍ ഇളവ് അപേക്ഷിച്ച യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരെയും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വ്വീസ് ഉണ്ടായിരിക്കും. യുഎഇ പൗരന്മാര്‍, ഇരുരാജ്യങ്ങളുടെയും അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും രാജ്യത്തെത്തി നാലാംദിനവും എട്ടാംദിനവും പിസിആര്‍ പരിശോധനയ്ക്കും വിധേയരാകണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രയ്ക്ക് മുമ്പായി പിസിആര്‍ പരിശോധന നടത്തുന്നതിനുള്ള സമയം 72 മണിക്കൂറില്‍ നിന്നും 48 മണിക്കൂറായി കുറച്ചു. ക്യുആര്‍ കോഡോട് കൂടിയ പരിശോധന ഫലം ലഭ്യമാക്കുന്ന അംഗീകൃത ലബോറട്ടറികളില്‍ നിന്ന് മാത്രമേ പരിശോധന നടത്താവൂ. മറ്റ് രാജ്യങ്ങള്‍ വഴി രാജ്യത്തെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ യുഎഇയിലേക്ക പ്രവേശനം അനുവദിക്കൂ എന്ന് എവിയേന്‍ അതോറിട്ടി വ്യക്തമാക്കി. അതേസമയം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.
ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ കോവിഡ്-19 പകര്‍ച്ചവ്യാധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു തീരുമാനം.