ദേശീയതലത്തിലേക്ക് മമത ഉയരുമ്പോള്‍
നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് ദീദി പരാജയപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കേന്ദ്രത്തിന് കനത്ത വെല്ലുവിളിയായി ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വെല്ലുവിളി ഏറ്റെടുക്കാനും അതിനെ വിജയകരമായി നേരിടാനും തനിക്ക് കഴിയുമെന്ന് ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മമത തെളിയിച്ചു. പ്രതിപക്ഷ നിരയിലുള്ള വിവിധ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കള്‍ അഭിനന്ദന സന്ദേശങ്ങള്‍കൊണ്ട് ദീദിയെ വീര്‍പ്പുമുട്ടിക്കുന്നതും ഇക്കാരണത്താലാണ്. സ്വന്തം പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയെ അവര്‍ ഉജ്വലവിജയത്തില്‍ എത്തിച്ചു.നന്ദിഗ്രാമില്‍ അവര്‍ ബിജെപിയിലെ സുവേന്ദു അധികാരിയോടാണ് പവരാജയപ്പെട്ടത്. അതേസമയം കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ആസാമിനെ ബിജെപിയില്‍ നിന്നും കേരളത്തെ ഇടതുപക്ഷത്തില്‍ നിന്നും പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് പോരാടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടിയുടെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതിനാല്‍ ബിജെപിയ്ക്ക് പകരമുള്ള ഏക ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്, ഒരു കാലത്ത് യുപിഎയുടെ ഭാഗമായിരുന്ന തൃണമൂല്‍, ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്തിയതും മമത തന്‍റെ കഴിവ് പ്രകടിപ്പിച്ചതിനുമാണ് പ്രാധാന്യം എന്നാണ്.
തെരഞ്ഞെടുപ്പ് ധ്രുവീകരിക്കാനുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ ശ്രമത്തെ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ നിരസിച്ചതായി വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മമതയെ പുറത്താക്കുന്നതിനായി ബിജെപി സംസ്ഥാനനത്ത് 200ലധികം സീറ്റുകള്‍ നേടും എന്ന അവകാശവാദവും പൊളിഞ്ഞു.മൂന്നക്കം കടക്കാന്‍ ബിജെപിക്കായില്ല.
തങ്ങളുടെ നേതൃത്വം ബംഗാളിന്‍റെ സ്പന്ദനത്തെയും അതിന്‍റെ സംസ്കാരത്തെയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഒരു ബിജെപി നേതാവ് പ്രതികരിച്ചു.ഇത് തിരച്ചറിഞ്ഞതാണ് ദീദിയുടെ വിജയത്തിനുപിന്നിലെ രഹസ്യം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 121 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചിരുന്നു. എങ്കിലും രണ്ടാവര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്കായില്ല. ധ്രുവീകരണത്തിന്‍റെയോ സാമുദായിക രാഷ്ട്രീയത്തിന്‍റെയോ രാഷ്ട്രീയം ആളുകള്‍ നിരസിച്ചു. മുസ്ലീം വോട്ടുകള്‍ തൃണമൂലിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു.
ബംഗാളി ഹിന്ദുവും സാമുദായിക രാഷ്ട്രീയം നിരസിക്കുകയും തൃണമൂലിന് വോട്ട് ചെയ്യുകയും ചെയ്തു, “ബിജെപി നേതാവ് പറഞ്ഞു.
അതേസമയം ബംഗാളിലെ യഥാര്‍ത്ഥ മാന്‍ ഓഫ് ദി മാച്ച് തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോറാണ്. അദ്ദേഹം മെനഞ്ഞ തന്ത്രങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ദീദിക്ക് മാസ്മരിക വിജയം നേടിക്കൊടുത്തത്. പ്രചാരണകാലത്തുതന്നെ അദ്ദേഹം ബിജെപി 100 കടക്കില്ലെന്ന് അടിവരയിട്ടു പറഞ്ഞിരുന്നു.അത് അദ്ദേഹത്തിന്‍റെ കമ്പനി പ്രവര്‍ത്തികമാക്കി . മമത അദ്ദേഹത്തിന്‍റെ പ്രചാരണത്തിനൊപ്പം നിന്നു.
സാധാരണ ആരെങ്കിലും ഒരു കാര്യം നിര്‍ദേശിച്ചാല്‍ മമത അത് അനുസരിക്കണമെന്നില്ല. അവര്‍ക്കുകൂടി യോജിച്ചതാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമെ അതിനു കൂട്ടുനില്‍ക്കുകയുള്ളു. എന്നാല്‍ ഇവിടെ പ്രശാന്ത് കിഷോര്‍ ഒരുക്കിയ തന്ത്രങ്ങള്‍ക്ക് അനുസരിച്ച് ദീദിക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു.കാരണം എതിരാളികള്‍ ശക്തരാണെന്ന് തിരിച്ചറിവുണ്ടായി. ഇവിടെ നിന്നാണ് ദീദിയുടെ മുന്നേറ്റം ആരംഭിക്കുന്നത്. 211സീറ്റുകളിലാണ് ടിഎംസി വിജയിച്ചത്. ബിജെപി 79 വിജയങ്ങള്‍ സ്വന്തമാക്കി.