ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസിന് പ്രതിമാസം ഒരു ബില്യണ്‍ സജീവ ഉപയോക്താക്കള്‍
ഫേസ്ബുക്ക് ഷോപ്‌സിന് പ്രതിമാസം 250 മില്യണിലധികം സന്ദര്‍ശകര്‍ ഉണ്ടെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ്
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസില്‍ ഓരോ മാസവും ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ഷോപ്പ്‌സ് അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് ഷോപ്‌സിന് പ്രതിമാസം 250 മില്യണിലധികം സന്ദര്‍ശകര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാങ്ങുന്നതിനും വില്‍ക്കുന്നതിനും സൗകര്യമൊരുക്കി 2016 ലാണ് ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് അവതരിപ്പിച്ചത്.
ഇതിനിടെ സ്വന്തമായി ഇന്‍ ആപ്പ് പോഡ്കാസ്റ്റ് പ്ലേയര്‍ നിര്‍മിക്കുന്ന കാര്യം ഫേസ്ബുക്ക് ഈയിടെ സ്ഥിരീകരിച്ചിരുന്നു. പുതിയ ഫീച്ചര്‍ വരുന്നതോടെ പോഡ്കാസ്റ്റര്‍മാര്‍ക്ക് തങ്ങളുടെ ഷോകള്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കാന്‍ സാധിക്കും. വിവിധ ഷോകളുടെയും ശ്രോതാക്കളുടെയും ഡാറ്റ ലഭിക്കുന്നതോടെ ഇവരെ ലക്ഷ്യമാക്കി സ്വന്തം പരസ്യങ്ങള്‍ നല്‍കാന്‍ ഫേസ്ബുക്കിന് കഴിയും.
വരാനിരിക്കുന്ന ആപ്പിള്‍ പോഡ്കാസ്റ്റ്സ് സബ്സ്‌ക്രിപ്ഷന്‍സ് പോലെ പോഡ്കാസ്റ്റ് സ്രഷ്ടാക്കള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ പേവോള്‍ സാധ്യത മുന്നില്‍ തെളിയും. സ്പോട്ടിഫൈ, മറ്റ് ചെറിയ ആപ്പുകള്‍ എന്നിവ കൂടാതെ, ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങി മിക്കവാറും എല്ലാ ടെക് ഭീമന്‍മാരും സ്വന്തം പോഡ്കാസ്റ്റ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയാണ്.