Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രമേഹം ചര്‍മ്മാരോഗ്യത്തെയും ബാധിക്കും; ചില പരിഹാര മാര്‍ഗങ്ങളിതാ

ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, പ്രമേഹം മൂലമുള്ള ചര്‍മ്മാരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ തടഞ്ഞുനിര്‍ത്താനും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും കഴിയും

വളരെ കുറച്ച് ആളുകളില്‍ മാത്രം കണ്ടുവരുന്ന ഒരു രോഗമല്ല ഇന്ന് പ്രമേഹം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മുഖ്യധാര ജീവിത ശൈലി രോഗമായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം മൂലം ശരീരത്തിലെ നിരവധി അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാകുമെന്ന് നമുക്ക് അറിയാമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചില്‍ ചര്‍മ്മാരോഗ്യത്തെ ബാധിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

പ്രമേഹം ഉള്ളവരും പ്രമേഹത്തിന് മുമ്പുള്ള ശാരീരിക അവസ്ഥയിലുള്ളവരും  നിരന്തരമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ചിലപ്പോഴൊക്കെ ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പ്രമേഹം ആരംഭിക്കുന്നതിന്റെ സൂചനയാകാം. പ്രമേഹരോഗിയെ സംബന്ധിച്ചെടുത്തോളം, മരുന്നിന്റെ ഡോസേജില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്ന എന്ന സൂചനയാകും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍.

 

പ്രമേഹം മൂലം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണം

ലോകത്തില്‍ ഏതാണ്ട് 75 ശതമാനത്തിലധികം ആളുകള്‍ ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ചര്‍മ്മാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. പ്രമേഹം മൂലം പുതിയ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും പഴയവയുടെ നില മോശമാകാനും സാധ്യതയുണ്ട്. പ്രമേഹം മൂലം രക്തത്തിലുണ്ടാകുന്ന അമിത ഗ്ലൂക്കോസ് ശരീരത്തിലെ രക്ത ചംക്രമണം ദുര്‍ബലമാക്കുകയും അതുമൂലം രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും മതിയായ അളവില്‍ രക്തവും പോഷകങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. അങ്ങനെ ശ്വേത രക്താണുക്കള്‍ക്ക് രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള ശേഷി നഷ്ടമാകുന്നു.

രക്ത പ്രവാഹം കുറയുന്നതോടെ കേടുപാടുകള്‍ ഇല്ലാതാക്കാനുള്ള ത്വക്കിന്റെ ശേഷി കുറയുകയും ത്വക്കില്‍ ധാരാളമായി കാണപ്പെടുന്ന കൊളാജെന് നാശം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മുറിവുകളോടും മറ്റ് പ്രശ്‌നങ്ങളോടും പ്രതികരിക്കാനുള്ള ചര്‍മ്മത്തിന്റെ ശേഷി നഷ്ടമാകുന്നു. കേടുപാട് സംഭവിച്ച ത്വക്കിലെ കോശങ്ങളുടെ മികച്ച രീതിയിലുളള പ്രവര്‍ത്തനം കാഴ്ചവെക്കാനുള്ള ശേഷി ഇല്ലാതാകുകയും താപനില, മര്‍ദ്ദം പോലുള്ള ഘടകങ്ങള്‍ ത്വക്കിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇവയെല്ലാമാണ് പ്രമേഹം മൂലമുണ്ടാകുന്ന ചര്‍മ്മാരോഗ്യ പ്രശ്‌നങ്ങള്‍

വരണ്ടതും ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കുന്നതും ചുവന്ന നിറത്തിലുള്ള ചര്‍മ്മം:  രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതോടെ മൂത്രം ഉല്‍പ്പാദിപ്പിക്കുന്നതിനായി ത്വക്കിലെ കോശങ്ങളില്‍ നിന്നും വലിയ അളവില്‍ ജലാംശം നഷ്ടമാകുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കുകയും ചര്‍മ്മത്തില്‍ വിണ്ടുകീറല്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഡയബറ്റിസ് ന്യൂറോപ്പതി ആണ് പ്രമേഹം മൂലം ചര്‍മ്മം വരണ്ടതാകാനുള്ള മറ്റൊരു കാരണം. കാലുകളിലും കാല്‍പ്പാദങ്ങളിലും ഒരിക്കലും ഭേദമാകാത്ത മുറിവുകളും പ്രശ്‌നങ്ങളുമാണത്. വരണ്ട ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും കൂടുതലായിരിക്കും. ചൊറിച്ചില്‍ മൂലം ചര്‍മ്മത്തില്‍ പൊട്ടല്‍ ഉണ്ടാകുകയും കീടാണുക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുകയും ചെയ്യും. ഇത് അണുബാധകള്‍ക്കും അസ്വസ്ഥതകള്‍ക്കും ചര്‍മ്മം ചുവന്ന് തടിക്കുന്നതിനും കാരണമാകും.

ഫംഗസ് അണുബാധ: പ്രമേഹം ഉള്ളവര്‍ക്ക് ഫംഗസ് മൂലമുള്ള അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വിരലുകള്‍ക്കിടയില്‍, കക്ഷത്തില്‍, െൈകമുട്ടിലെ മടക്കുകള്‍ക്കിടയില്‍, വായയുടെ അരികുകളില്‍ തുടങ്ങി ശരീരത്തിലെ ചൂട് കൂടിയ ഇടങ്ങളില്‍ ചുവപ്പ് നിറവും ചൊറിച്ചിലും അനുഭവപ്പെടുന്നത് ഫംഗസ് മൂലമുള്ള അണുബാധയുടെ സൂചനയാണ്. ഫംഗസ് മൂലമുള്ള അണുബാധയുണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ കുമിളകളും ശല്ക്കങ്ങളും ഉണ്ടാകുന്നത് സാധാരണയാണ്. കാന്‍ഡിഡ ആല്‍ബിക്കന്‍സ്, പുഴുക്കടി, അത്‌ലെറ്റ്‌സ് ഫൂട്ട്, തുടകള്‍ക്കിടയിലെ ചൊറിച്ചില്‍, ഗുഹ്യഭാഗത്തെ ചൊറിച്ചില്‍ എന്നിവ പ്രമേഹമുള്ളവരില്‍ പൊതുവായി കാണപ്പെടുന്ന ഫംഗസ് രോഗങ്ങളാണ്.

ബാക്ടീരിയ രോഗങ്ങള്‍ വേഗത്തില്‍ പിടിപെടും: പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹം ഉള്ളവര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടും. ത്വക്കിലെ കുരു, ഫോളിക്യുലൈറ്റിസ്, കണ്‍കുരു, മൂക്കിനുള്ളിലെ കുരു, നഖത്തിന് ചുറ്റുമായുള്ള അണുബാധ എന്നിവയാണ് പ്രമേഹമുള്ളവരില്‍ കൂടുതലായി കാണപ്പെടുന്ന ബാക്ടീരിയ രോഗങ്ങള്‍

നെക്രോബയോസിസ് ലിപോയിഡിക: തൊലിപ്പുറത്തായി കാണപ്പെടുന്ന കട്ടിയുള്ള തടിപ്പുകളാണ് നെക്രോബയോസിസ് ലിപോയിഡിക. മുഖക്കുരു പോലെ തന്നെയാണ് അവ കാണപ്പെടുകയെങ്കിലും അവഗണിച്ചാല്‍ അവ പഴുത്ത് കട്ടിയുള്ള മഞ്ഞയും ചുവപ്പും കലര്‍ന്ന തൊലിയായി മാറും. തടിപ്പിന് ചുറ്റുമുള്ള തിളക്കം, വേദനയും ചൊറിച്ചിലും, രക്തക്കുഴലുകള്‍ പുറത്തേക്ക് കാണുക എന്നിവ  നെക്രോബയോസിസ് ലിപോയിഡികയുടെ ലക്ഷണങ്ങളാണ്.

അകാന്തോസിസ് നൈഗ്രിക്കന്‍സ്: പ്രമേഹത്തിന് മുമ്പ് കണ്ടുവരുന്ന ഒരു അവസ്ഥയാണിത്. കക്ഷം, തുട, കഴുത്ത് എന്നിവിടങ്ങളിലെ തൊലി കറുത്ത് കട്ടിയായി മാറുന്ന അവസ്ഥയാണിത്. കൈമുട്ടുകളിലും കൈകളിലും കാല്‍മുട്ടിലും ഈ അവസ്ഥ കണാറുണ്ട്.

ഡിജിറ്റല്‍ സ്‌ക്‌ളീറോസിസ്: ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. പ്രമേഹം മൂലം അവ അധികമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. കൈകള്‍ക്ക് ചുറ്റുമുള്ള തൊലിക്ക് കട്ടിയും പശപശപ്പും വിരലുകള്‍ക്ക് കാഠിന്യം എന്നിവയാണ് ലക്ഷണങ്ങള്‍. തൊലിക്ക് കട്ടികൂടുന്നത് മൂലം വിരലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. കാല്‍വിരലുകളിലേക്കും കൈകളിലേക്കും കാല്‍മുട്ടുകളിലേക്കും കണങ്കാലിലേക്കും കൈമുട്ടിലേക്കും രോഗം പടരാം.

 

പരിഹാരമാര്‍ഗങ്ങള്‍

അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം ചര്‍മ്മപ്രശ്‌നങ്ങളെ നമുക്ക് തന്നെ നേരിടാവുന്നതേയുള്ളു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ വെള്ളപ്പാണ്ട്, സോറിയാസിസ് എന്നിവയുടെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടോ എന്ന് നിരന്തരം പരിശോധിക്കണം. കൃത്യമായ മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിവയിലൂടെ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താവുന്നതേയുള്ളു. ഇത് ചര്‍മ്മപ്രശ്‌നങ്ങളും കുറയ്ക്കും. പ്രമേഹം മൂലമുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇനിയും ചില പൊടിക്കൈകളുണ്ട്.

  • ചര്‍മ്മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വെള്ളം തങ്ങിനില്‍ക്കാന്‍ ഇടയുള്ള സ്ഥലങ്ങള്‍ എപ്പോഴും തുടച്ച് നനവ് ഒപ്പിയെടുക്കുക

  • ചര്‍മത്തില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് എപ്പോഴും പരിശോധിക്കുക

  • പരിധിയിലധികം ചൂടുള്ള വെള്ളത്തില്‍ കുളിക്കാതിരിക്കുക

  • ദിവസത്തില്‍ രണ്ട് തവണയെങ്കിലും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുക

  • ലിപ് ബാം ഉപയോഗിക്കുക

  • മുറിവുകള്‍ പറ്റിയാല്‍ ഉടന്‍ ചികിത്സിക്കുക

  • ധാരാളം വെള്ളം കുടിക്കുക

  • തൊലിപ്പുറത്തെ കുരുവോ കുമിളകളോ പൊട്ടിക്കാതിരിക്കുക

  • സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക

  • കറുവപ്പട്ട, ഞാവല്‍പ്പഴം, കറ്റാര്‍വാഴ, നെല്ലിക്ക, തൈര് എന്നിവ ഉപയോഗിക്കുക

Maintained By : Studio3