Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അരാംകോയിലെ ഒരു ശതമാനം ഓഹരി പ്രമുഖ ഊര്‍ജ കമ്പനിക്ക് വില്‍ക്കുമെന്ന് സൗദി കിരീടാവകാശി

1 min read

19 ബില്യണ്‍ ഡോളറിന്റെ ഈ ഇടപാട് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്നേക്കും

റിയാദ് പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ ഒരു ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിക്ക് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). ഇടപാട് ഒന്ന്, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നടന്നേക്കുമെന്ന് സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ എംബിഎസ് വ്യക്തമാക്കി. ഏകദേശം 19 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടായിരിക്കും ഇതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഇടപാട് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇതില്‍ ഉറപ്പുകളൊന്നും നല്‍കുന്നില്ലെന്നും എന്നാല്‍ ലോകത്തിലെ തന്നെ മുന്‍നിര എണ്ണക്കമ്പനി അരാംകോയിലെ ഒരു ശതമാനം ഓഹരി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഈ കമ്പനിയുള്ള രാജ്യത്ത് അരാംകോയടെ വില്‍പ്പന ശക്തിപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഇടപാടായിരിക്കും ഇതെന്നും അരാംകോയുടെ ഒരു ശതമാനം ഓഹരി ആ കമ്പനിക്ക് ലഭിക്കുകയാണെങ്കില്‍ അരാംകോ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുമെന്നും എംബിഎസ് വ്യക്തമാക്കി.

ചൈനയാണ് സൗദി അറേബ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ്. കഴിഞ്ഞ മാസം സൗദിയില്‍ നിന്നും കയറ്റുമതി ചെയ്ത എണ്ണയുടെ മുപ്പത് ശതമാനവും എത്തിയത് ചൈനയിലേക്കായിരുന്നു. ചൈന കഴിഞ്ഞ് സൗദി എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ജപ്പാനാണ്. സൗദി സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള വിഷന്‍ 2030 പദ്ധതിക്കാവശ്യമായ ചിലവുകള്‍ക്ക് കിരീടാവകാശി ഏറ്റവുമധികം ആശ്രയിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയെയാണ്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

സ്വകാര്യവല്‍ക്കരണമാണ് വിഷന്‍ 2030 അജണ്ടയുടെ നെടുംതൂണ്. 2019ല്‍ അരാംകോ സൗദി ഓഹരി വിപണിയായ തദവുളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളറാണ് അരാംകോ സമാഹരിച്ചത്. പിന്നീട് നടന്ന ഓഹരി വില്‍പ്പനയിലൂടെ ഇത് 29.4 ബില്യണ്‍ ഡോളറായി. പ്രാഥമിക ഓഹരി വില്‍പ്പന സമയത്ത് അരാംകോയുടെ 1.5 ശതമാനം അഥവാ 3 ബില്യണ്‍ ഓഹരികളാണ് റീറ്റെയ്ല്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചത്. അരാംകോയില്‍ സര്‍ക്കാരിനുള്ള ഓഹരികള്‍ രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അഥവാ പിഐഎഫിനും കൈമാറും.

വ്യത്യസ്ത ഓഹരികള്‍ക്കായി മറ്റ് കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എംബിഎസ് പറഞ്ഞു. അരാംകോയുടെ ഒരു വിഭാഗം ഓഹരികള്‍ പിഐഎഫിന് കൈമാറുമെന്നും ഒരു വിഭാഗം വാര്‍ഷിക ലിസ്റ്റിംഗില്‍ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും എംബിഎസ് കൂട്ടിച്ചേര്‍ത്തു.

വിഷന്‍ 2030 പരിഷ്‌കരണ പദ്ധതി അവതരിപ്പിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതിയുടെ പുരോഗതിയും ഭാവി പദ്ധതികളും സംബന്ധിച്ച് കിരീടാവകാശി വാചാലനായത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള സൗദി അറേബ്യയുട ഉദ്യമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അരാംകോയുടെ ലിസ്റ്റിംഗ്. ഇതിലൂടെ ലഭിച്ച വരുമാനം എണ്ണയിതര പദ്ധതികള്‍ക്കുള്ള ചിലവിനും പ്രാദേശിക വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുമായി പിഐഎഫിലേക്കാണ് കൈമാറിയത്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ അനുമാനം. പകര്‍ച്ചവ്യാധിയില്‍ നിന്നും രാജ്യം ‘v’ആകൃതിയിലുള്ള തിരിച്ചുവരവ്് നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തെ തൊഴിലില്ലായ്‌നമ നിരക്ക് ഈ വര്‍ഷം 11 ശതമാനമായി കുറഞ്ഞതായും 2030ഓടെ ഇത് 7 ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും 90 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന അഭിമുഖത്തില്‍ എംബിഎസ് പറഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 14.9 ശതമാനത്തില്‍ എത്തിയ സൗദി പൗരന്മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 2020 അവസാനത്തോടെ 12.6 ശതമാനമായതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂല്യവര്‍ധിത നികുതി 15 ശതമാനമാക്കാനുള്ള തീരുമാനം താല്‍ക്കാലികമാണെന്നും പരമാവധി അഞ്ച് വര്‍ഷം മാത്രമായിരിക്കും അതിന്റെ കാലാവധിയെന്നും എംബിഎസ് പറഞ്ഞു. അതിനു ശേഷം അഞ്ച് മുതല്‍ പത്ത് ശതമാനം വരെയായിരിക്കും വാറ്റ്. ആദായ നികുതി ഏര്‍പ്പെടുത്താന്‍ രാജ്യത്തിന് പദ്ധതിയില്ലെന്നും എംബിഎസ് അറിയിച്ചു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തിന്റെ ഫലമായി സൗദി സമ്പദ് വ്യവസ്ഥ മൂന്ന് ദശാബ്ദത്തിനിടയുള്ള ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ്  കഴിഞ്ഞ വര്‍ഷം വേദിയായത്. എന്നാല്‍ അതിന് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. ഈ വര്‍ഷം അവസാനത്തോടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാല് ശതമാനമായി കുറഞ്ഞേക്കും. കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനത്തേക്കാള്‍ വളരെ കുറവാണിത്.

മറ്റ് രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ ബന്ധങ്ങളെ കുറിച്ചും അഭിമുഖത്തില്‍ എംബിഎസ്് പരാമര്‍ശിച്ചു. സൗദിക്കും അമേരിക്കയ്ക്കുമിടയില്‍ ഒരിക്കലും നൂറ് ശതമാനം അഭിപ്രായഐക്യം ഉണ്ടാകുകയില്ലെന്ന് എംബിഎസ് പറഞ്ഞു. വൈറ്റ് ഹൗസില്‍ പുതിയ ഭരണ നേതൃത്വങ്ങള്‍ വരുന്നതിനനുസരിച്ച് ഇരുരാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുകയോ കുറയുകയോ ചെയ്‌തേക്കാം. അതേസമയം ബൈഡന്‍ ഭരണകൂടവുമായി ഒത്തുചേര്‍ന്നുപോകുമെന്നും എംബിഎസ് സൂചിപ്പിച്ചു. മുമ്പുണ്ടായിരുന്ന കടുത്ത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ഇറാനുമായുള്ള ബന്ധം സംബന്ധിച്ച് എംബിഎസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇറാനുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സൗദിയെന്നും എന്തുതന്നെ ആയാലും സൗദിയുടെ അയല്‍രാജ്യമാണ് ഇറാനെന്നും എംബിഎസ് പറഞ്ഞു. ഇറാന്‍ അഭിവൃദ്ധപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ആണവ കരാര്‍, തീവ്രവാദ സംഘങ്ങള്‍ക്കുള്ള പിന്തുണ എന്നീ കാര്യങ്ങളില്‍ ഇറാനുമായി സൗദിക്ക് അഭിപ്രായ ഭിന്നതയുണ്ടെന്നും എംബിഎസ് പറഞ്ഞു.

Maintained By : Studio3