ഇന്ത്യ ഇന്‍ക് ഒരുമിക്കുന്നു, ഓക്സിജന്‍ ശേഷി കൂട്ടാന്‍…
1 min read-
ഓക്സിജന്‍ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സിഐഐ
-
ഓക്സിജന്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹകരണം
-
മെഡിക്കല്‍ ഓക്സിജന്‍ വാഗ്ദാനം ചെയ്ത് ടാറ്റയും റിലയന്‍സും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍
മുംബൈ: ഇതുവരെയുണ്ടാകാത്ത തരത്തില്‍ കോവിഡ് മഹമാരി രാജ്യത്തെ വിറപ്പിച്ചിരിക്കുകയാണ്. അതിവേഗത്തിലാണ് കോവിഡ് വ്യാപനം സംഭവിക്കുന്നത്. അതനുസരിച്ച് ഓക്സിജന്‍ കിട്ടാതെ നരിവധി പേര്‍ക്ക് ജീവന്‍ പോകുകയും ചെയ്യുന്നു. ഡെല്‍ഹിയിലെല്ലാം ഇതിന്‍റെ രൂക്ഷത രാജ്യം കണ്ടുകഴിഞ്ഞു. മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം വേഗത്തില്‍ പരിഹരിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം.
ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും മെഡിക്കല്‍ ഓക്സിജന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കാനുമായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി സംവിധാനങ്ങളുമായി കൈകോര്‍ക്കുകയാണ് ഇന്ത്യ ഇന്‍ക്.
ഓക്സിജന്‍ സപ്ലൈ ചെയിന്‍ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഓക്സിജന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഓക്സിജന്‍ ഉല്‍പ്പാദന ശേഷി കൂട്ടിക, ഇറക്കുമതിയില്‍ സഹായിക്കുക, ഓക്സിജന്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുക, നയപരമായ ഇടപെടല്‍ നടത്തുക എന്നതെല്ലാമാണ് ഈ ടാസ്ക് ഫോഴ്സ് ലക്ഷ്യം വയ്ക്കുന്നത്.
ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി, ഐടിസി, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങി നിരവധി കമ്പനികള്‍ കോവിഡ് രോഗികളുടെ ചികില്‍സയ്ക്ക് സഹായമെത്തിക്കുന്നതിനായി രംഗത്തെത്തിക്കഴിഞ്ഞു. ആവശ്യത്തിന് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കിയും ക്രയോജനിക്ക് വെസലുകള്‍ നല്‍കിയും പോര്‍ട്ടബിള്‍ കോണ്‍സന്‍ട്രേറ്ററുകളും ജനറേറ്ററുകളും നല്‍കിയുമെല്ലാമാണ് ഇവര്‍ ആശുപത്രികളോടൊപ്പം നിന്ന് കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകുന്നത്.
ഓക്സിജന്‍റെ ലഭ്യത കൂട്ടേണ്ട അടിയന്തര സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. രാജ്യത്തുടനീളം ഓക്സിജന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലോജിസ്റ്റിക്കല്‍ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ക്രയോജെനിക് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവാണ് ഏറ്റവും വലിയ തലവേദന. ഈ മാസം അവസാനത്തോട് കൂടി 36 ക്രയോജനിക് വെസലുകള്‍ ഇറക്കുമതി ചെയ്യാന്‍ ടാറ്റ തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ പ്ലാന്‍റുകളില്‍ നിന്ന് 600 എംടിയിലധികം മെഡിക്കല്‍ ഓക്സിജനാണ് ഹോസ്പിറ്റലുകളിലേക്ക് ടാറ്റ സ്റ്റീല്‍ വിതരണം ചെയ്യുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍ ആകട്ടെ ദിനംപ്രതി 1000 ടണ്‍ ഓക്സിജനാണ് സപ്ലൈ ചെയ്യുന്നത്. ഇത് ഇനിയും കൂട്ടാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ മാസം അവസാനത്തോട് കൂടി കമ്പനിയുടെ എല്ലാ പ്ലാന്‍റുകളില്‍ നിന്നുമായി തങ്ങളുടെ മൊത്തം ലിക്വിഡ് ഓക്സിജന്‍ ഉല്‍പ്പാദനം 20,000 ടണ്‍ ആക്കി ഉയര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
രാജ്യത്തങ്ങോളമിങ്ങോളമുള്ള സ്റ്റീല്‍ പ്ലാന്‍റുകളില്‍ നിന്ന് ഓക്സിജന്‍ വിതരണം കൂട്ടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സിഐഐ ടാസ്ക് ഫോഴ്സ് ഓക്സിജന്‍ സപ്ലൈ ചെയിന്‍ വിഭാഗം ചെയര്‍മാന്‍ ശേഷഗിരി റാവു എം വി എസ് പറയുന്നു. ജെ എസ് ഡബ്ല്യു സ്റ്റീലിന്‍റെ ജോയിന്‍റ് മാനേജിംഗ് ഡയറക്റ്ററും ഗ്രൂപ്പ് സിഎഫ്ഒയും കൂടിയാണ് അദ്ദേഹം.