ബാങ്കിംഗ് മേഖലയില്‍ പരിഷ്കരണങ്ങളുമായി ആര്‍ബിഐ
1 min readഎംഡി, സിഇഒ പദവികളില്‍ ഇരിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷം, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരുടെ നിയമനത്തിന് മുന്‍കൂര്‍ അനുമതി വേണം
ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പരിഷ്കാരങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകാരം നല്‍കി. ബാങ്ക് എംഡിമാരുടടെയും സിഇഒമാരുടെയും കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. കൂടാതെ ബാങ്കുകള്‍ സ്റ്റാറ്റ്യൂട്ടറി സെന്‍ട്രല്‍ ഓഡിറ്റര്‍മാര്‍ (എസ്സിഎ), സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാര്‍ (എസ്എ) എന്നിവരുടെ നിയമനത്തിന് കേന്ദ്ര ബാങ്കിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മാനേജിംഗ് ഡയറക്ടര്‍ (എംഡി), ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) അല്ലെങ്കില്‍ ഹോള്‍ ടൈം ഡയറക്ടര്‍ (ഡബ്ല്യുടിഡി) എന്നീ തസ്തികകളില്‍ ഒരാളെ 15 വര്‍ഷത്തില്‍ കൂടുതല്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് തിങ്കളാഴ്ച എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ ആര്‍ബിഐ വ്യക്തമാക്കി.
കൂടാതെ, ഒരു പ്രൊമോട്ടര്‍ അല്ലെങ്കില്‍ ഒരു പ്രധാന ഓഹരി ഉടമ കൂടിയായ ഒരാള്‍ക്ക് എംഡി, സിഇഒ അല്ലെങ്കില്‍ ഡബ്ല്യുടിഡി സ്ഥാനങ്ങളില്‍ 12 വര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്രബാങ്ക് വിവേചന അധികാരത്തോടെ ഇത് 15 വര്‍ഷമായി നീട്ടുന്നതിന് അനുമതി നല്‍കും. പ്രവര്‍ത്തന കാലയളവില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളോട് പൊരുത്തപ്പെടുന്നതിലും പ്രൊമോട്ടര്‍ വിഹിതം കുറയ്ക്കുന്നതിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പ്രകടമാക്കിയ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിലെ തീരുമാനം എടുക്കുക.
2021 ഒക്ടോബര്‍ 1നകം ബാങ്കുകള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന ഘട്ടത്തില്‍ നിശ്ചിത വര്‍ഷങ്ങള്‍ക്ക് മുകളില്‍ ആ പദവികളില്‍ ഇരിക്കുന്നവരുണ്ടെങ്കില്‍ നിലവിലെ കാലാവധി പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിക്കും. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ എംഡിയും സിഇഒയുമായ ഉദയ് കൊട്ടക്ക് ആകും ഉടന്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നത്.
സ്വകാര്യമേഖല ബാങ്കുകളിലെ എംഡി, സിഇഒ, ഡബ്ല്യുടിഡി എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി സംബന്ധിച്ച നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടരും. 70 വയസ്സിന് മുകളില്‍ ഒരു വ്യക്തിക്കും എംഡി, സിഇഒ, ഡബ്ല്യുടിഡി പദവികളില്‍ തുടരാനാകില്ല. 70 വയസ് എന്ന പരിധിക്കുള്ളില്‍, ഓരോ ബാങ്ക് ബോര്‍ഡുകള്‍ക്കും അവരുടെ ആഭ്യന്തര നയത്തിന്‍റെ ഭാഗമായി എംഡി, സിഇഒ, ഡബ്ല്യുടിഡി എന്നിവരുടെ വിരമിക്കല്‍ പ്രായം നിശ്ചയിക്കാവുന്നതാണ്.
ഗ്രാമീണ ബാങ്കുകള്‍, അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഭവന ധനകാര്യ കമ്പനികള്‍ എന്നിവ ഒഴികെയുള്ള വാണിജ്യ ബാങ്കുകളിലെ എസ്സിഎ, എസ്എ നിയമനങ്ങളില്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ഇന്നലെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര ബാങ്ക് വ്യക്തമാക്കി. റഫറന്‍സ് വര്‍ഷത്തിലെ ജൂലൈ 31 ന് മുമ്പായി ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കണം. കൂടാതെ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) റിസര്‍വ് ബാങ്കില്‍ നിന്ന് യോഗ്യതയുള്ള ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക ലഭിച്ച് ഒരു മാസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കണം.
നിയമാനുസൃത ഓഡിറ്റര്‍മാരെ നിയമിക്കുന്നതിന് എന്‍ബിഎഫ്സികള്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ലെങ്കിലും, എല്ലാ എന്‍ബിഎഫ്സികളും നിയമനം നല്‍കി ഒരു മാസത്തിനുള്ളില്‍ ‘ഫോം എ’യിലെ ഒരു സര്‍ട്ടിഫിക്കറ്റ് വഴി ഓരോ വര്‍ഷവും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിനെ അറിയിക്കേണ്ടതുണ്ട്.
കഴിഞ്ഞുപോയ വര്‍ഷത്തില്‍ 15,000 കോടി രൂപയും അതിനുമുകളിലുള്ള ആസ്തിയും ഉള്ള സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ട് ഓഡിറ്റ് സ്ഥാപനങ്ങളുടെ സംയുക്ത ഓഡിറ്റ് നടത്തേണ്ടതുണ്ട്. ജോയിന്‍റ് ഓഡിറ്റര്‍മാര്‍ക്ക് പൊതുവായ പ്രൊമോട്ടര്‍മാരില്ലെന്നും അവര്‍ ഒരേ ഓഡിറ്റ് സ്ഥാപനങ്ങളുടെ കീഴിലല്ലെന്നും ഉറപ്പാക്കണം. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് മറ്റെല്ലാ സ്ഥാപനങ്ങളും കുറഞ്ഞത് ഒരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കണം.