കോവിഡ് പ്രതിരോധം : സ്പുട്നിക് V ആദ്യ ലോട്ട് മേയ് അവസാനമെത്തും
1 min read-
സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ വാക്സിനുകള്‍ ഇറക്കുമതി ചെയ്യാമെന്ന് കന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്
-
ഡോ റെഡ്ഡീസാണ് സ്പുട്നിക് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത്
-
ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനാണ് കേന്ദ്രത്തിന് താല്‍പ്പര്യം
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ വാക്സിന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഇപ്പോഴും രാജ്യത്ത് കെട്ടടങ്ങിയിട്ടില്ല. വാക്സിന്‍ ക്ഷാമം പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ വാക്സിനുകളുടെ ഇറക്കുമതിയിലേക്കും രാജ്യം തിരിയുന്നത്. എന്നാല്‍ വിദേശ വാക്സിനുകള്‍ കേന്ദ്രം നേരിട്ട് ഇറക്കുമതി ചെയ്യില്ലെന്നും മറിച്ച് സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് ചെയ്യാമെന്നുമാണ് മോദി സര്‍ക്കാരിന്‍റെ നിലപാടെന്ന് സൂചനയുണ്ട്.
ആഭ്യന്തര തലത്തില്‍ വാക്സിന്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനാണ് കേന്ദ്രം കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതേസമയം റഷ്യയുടെ സ്പുട്നിക്ക് V വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള ഡോ റെഡ്ഡീസിന്‍റെ ശ്രമം പുരോഗമിക്കുകയാണ്. മേയ് അവസാനത്തോട് കൂടി വാക്സിന്‍റെ ആദ്യ ലോട്ട് എത്തുമെന്നാണ് റെഡ്ഡീസ് പ്രതീക്ഷിക്കുന്നത്.
2020 സെപ്റ്റംബറിലാണ് ഡോ റെഡ്ഡീസ് സ്പുട്നിക് വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയലുകള്‍ക്കും മറ്റുമായി ആര്‍ഡിഐഎഫുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. ഗമലേയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ വാക്സിന്‍റെ 100 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാനുള്ള അവകാശവും റെഡ്ഡീസ് നേടിയിരുന്നു. അതിന് ശേഷം വാക്സിന്‍ ഡോസുകളുടെ എണ്ണം 125 മില്യണായി കൂട്ടി.
സ്പുട്നിക് V വാക്സിന്‍റെ 50 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വൈകാതെ സാധിക്കുമെന്നാണ് ആര്‍ഡിഐഎഫ് സിഇഒ കിരില്‍ ദിമിത്രിയേവ് വ്യക്തമാക്കിയത്.