2021 ആദ്യപാദം ടെസ്ലയുടെ വരുമാനം 10.3 ബില്യണ്‍ ഡോളര്‍
1 min readബിറ്റ്കോയിനുകളിലൂടെ കമ്പനി നേടിയത് 101 മില്യണ്‍ ഡോളര്‍
സാന്‍ ഫ്രാന്‍സിസ്കോ: ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ആഗോള കമ്പനി ടെസ്ല 2021 ന്‍റെ ആദ്യ പാദത്തില്‍ 10.3 ബില്യണ്‍ ഡോളര്‍ വില്‍പ്പനയിലൂടെ സ്വന്തമാക്കി. അറ്റവരുമാനം 438 മില്യണ്‍ ഡോളറാണെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ഇത് 74 ശതമാനം വര്‍ധനയാണ്. ബിറ്റ്കോയിനുകളുടെ വില്‍പ്പനയിലൂടെ 101 മില്യണ്‍ ഡോളര്‍ സമാഹരിക്കാനായിട്ടുണ്ട് എന്നതാണ് ടെസ്ലയുടെ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ വശം.
ടെസ്ല ഒന്നാം പാദത്തില്‍ 180,338 വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും 184,777 വാഹനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു പാദത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനവും വിതരണവുമാണിതെന്ന് കമ്പനി വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലെ വെല്ലുവിളികള്‍, കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍, പുതിയ ഉല്‍പ്പന്നങ്ങളിലേക്കുള്ള മാറ്റം എന്നിവയ്ക്കിടയിലും ഈ നേട്ടം സ്വന്തമാക്കാനായി. പുതിയ ഉല്‍പ്പന്നങ്ങളും ഫാക്റ്ററികളും ആരംഭിച്ചതോടെ ഒരു വാഹനത്തിനുള്ള ശരാശരി ചെലവ് 38,000 ഡോളറായി കുറഞ്ഞുവെന്നും ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്ത് ശ്രദ്ധേയമായ കമ്പനി പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം സെഡാനായിരുന്നു കഴിഞ്ഞ പാദത്തില്‍ മോഡല്‍ 3 ‘ഒരു ഇലക്ട്രിക് വാഹനത്തിന് ഒരു കാറ്റഗറി ലീഡറാകാമെന്നും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എതിരാളികളെ മറികടക്കുമെന്നും ഇത് തെളിയിക്കുന്നു. മോഡല്‍ വൈ-ക്ക് ഒരു കാറ്റഗറി ലീഡറായി മാത്രമല്ല, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാഹനമായും മാറാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ടെസ്ല പറഞ്ഞു.
ആദ്യ പാദത്തില്‍ ബിറ്റ്കോയിന്‍ വില്‍പ്പനയിലൂടെ ടെസ്ല ഏകദേശം 101 മില്യണ്‍ ഡോളര്‍ സമ്പാദിച്ചു. 1.5 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്റ്റോകറന്‍സി വാങ്ങിയതായും ബിറ്റ്കോയിന്‍ ഉപയോഗിച്ച് കാറുകള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കളെ അനുവദിക്കുമെന്നും കമ്പനി ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചു.