ലിബിയന്‍ സമ്പദ് വ്യവസ്ഥ 2021ല്‍ വളര്‍ച്ച വീണ്ടെടുക്കും; എങ്കിലും വെല്ലുവിളികള്‍ തുടരും
1 min readകഴിഞ്ഞ വര്‍ഷം ലിബിയന്‍ സമ്പദ് വ്യവസ്ഥ 31 ശതമാനം തകര്‍ച്ച നേരിട്ടിരുന്നു
ട്രിപ്പോളി: എണ്ണവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 67 ശതമാനം ഉയരുമെങ്കിലും വടക്കന്‍ ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ ഇന്ധന ഉല്‍പ്പാദകരായ ലിബിയ തുടര്‍ന്നും സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ഇന്ധന വ്യവസായത്തെ പിടിച്ചുലച്ച ആഭ്യന്തര കലാപം മൂലം ലിബിയയിലെ പൊതുമേഖല സംവിധാനങ്ങള്‍ പിളര്‍പ്പിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ലിബിയ ഇക്കോണമിക് മോണിറ്ററില്‍ ലോകബാങ്ക് നിരീക്ഷിച്ചു.
ലിബിയ സാമ്പത്തികമായി നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും മികച്ച ഭരണവും രാഷ്ട്രീയപരമായി ശക്തമായ തീരുമാനങ്ങളും കെട്ടുറപ്പുള്ള സംവിധാനങ്ങളും അനവധി പരിഷ്‌കാരങ്ങളും രാജ്യത്തിന് ആവശ്യമാണെന്നും ലോകബാങ്കിന്റെ മഖ്‌റെബ്, മാള്‍ട്ട ഡയറക്ടര്‍ ജെസ്‌കോ ഹെന്റ്‌ഷെല്‍ പറഞ്ഞു. ലിബിയന്‍ ജനത നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ ഇനിയും സമയമെടുക്കുമെന്നാണ് രാഷ്ട്രീയ, സുരക്ഷ അന്തരീക്ഷങ്ങള്‍ നല്‍കുന്ന സൂചന. മുമ്പോട്ടുള്ള പാത വലിയ സുഖമുള്ളതാകില്ലെന്നും അതേസമയം സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനുമുള്ള പ്രതീക്ഷകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജെസ്‌കോ അഭിപ്രായപ്പെട്ടു.
ലിബിയയിലെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും എണ്ണക്കയറ്റുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 90 ശതമാനവും ഇന്ധന വ്യവസായത്തില്‍ നിന്നാണ്. മാത്രമല്ല ലിബിയയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം ഉല്‍പ്പന്നങ്ങളുടെ 90 ശതമാനവും എണ്ണയാണ്. എന്നാല്‍, ഏതാണ്ട് ഒരു വര്‍ഷത്തോളമായി ലിബിയന്‍ ഉല്‍്പന്നങ്ങള്‍ക്ക് മേല്‍ തുടരുന്ന ഉപരോധം മൂലം രാജ്യത്തെ സാമ്പത്തിക വികസനം നിലച്ച മട്ടാണ്. പ്രത്യേകിച്ച് കോവിഡ്-19 പകര്‍ച്ചവ്യാധി തീര്‍ത്ത വെല്ലുവിളികളുടെ സാഹചര്യത്തില്‍.
ലിബിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ഉപരോധം, ഒട്ടും വൈവിധ്യത്മാകമല്ലാത്ത ലിബിയന്‍ സമ്പദ് വ്യവസ്ഥയെ തീര്‍ത്തും ദുര്‍ബലമാക്കുന്നതാണെന്ന് ലോകബാങ്ക് വിലയിരുത്തി. ഉപരോധങ്ങളുടെ കൂടെ സാഹചര്യത്തില്‍ സമീപകാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രകടനമായിരുന്നു കഴിഞ്ഞ വര്‍ഷം ലിബിയന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവെച്ചതെന്നും ലോകബാങ്ക് വ്യക്തമാക്കി. 31 ശതമാനം സാമ്പത്തിക ഞെരുക്കമാണ് കഴിഞ്ഞ വര്‍ഷം ലിബിയന്‍ സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയത്. ഉപരോധം മൂലം ലിബിയയ്ക്ക് വരുമാനത്തില്‍ 11 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായതായാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ട്രിപ്പോളിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര കലാപം മൂലം പൊറുതിമുട്ടിയ രാജ്യത്ത് പകര്‍ച്ചവ്യാധി കൂടി പിടിമുറുക്കിയതോടെ സാമ്പത്തിക പ്രത്യാഘാതങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും ഇരട്ടിയായി. തുടര്‍ന്നും ലിബിയയുടെ എണ്ണക്കയറ്റുമതിക്ക് തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം.
കഴിഞ്ഞ ആഴ്ച ലിബിയയിലെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഹരിഗ തുറമുഖത്ത് നിന്നുള്ള കയറ്റുമതി നിര്‍ത്തിവെച്ചതായി(അവിചാരിതമായ സാഹചര്യം മൂലം കരാറുകള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥിതി) പ്രഖ്യാപിച്ചിരുന്നു. ഇന്ധന മേഖലയ്ക്ക് ദീര്‍ഘ കാലത്തേക്ക് ആവശ്യമായ ബജറ്റ് അനുവദിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറാകാത്തതാണ് തുറമുഖം അടച്ചിടാന്‍ കാരണമെന്നും നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
മാര്‍ച്ചില്‍ ലിബിയയുടെ പ്രതിദിന എണ്ണയുല്‍പ്പാദനം 1.19 ദശലക്ഷം ബാരലായി(ബിപിഡി) വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാംപാദത്തിലെ ഉല്‍പ്പാദനത്തേക്കാള്‍ പത്തിരട്ടി, അതായത് 121,000 ബിപിഡി അധികമാണിത്. 120,000 ബിപിഡി കയറ്റുമതി ശേഷിയുള്ള ഹരിഗ തുറമുഖത്തിന്റെ അടച്ചിടല്‍ തുടര്‍ന്നാല്‍ ലിബിയയുടെ എണ്ണയുല്‍പ്പാദനത്തിന്റെ 100,000 ബിപിഡി വെറുതെയാകുമെന്ന് റിസ്റ്റഡ് എനര്‍ജിയിലെ ഓയില്‍ മാര്‍ക്കറ്റ് അനലിസ്റ്റായ ലൂയിസ് ഡിസ്‌കണ്‍ അഭിപ്രായപ്പെട്ടു. 2021ലും എണ്ണ, വാതക ഉല്‍പ്പാദനത്തിലൂടെ തന്നെയായിരിക്കും ലിബിയയില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുകയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്ക് വില ഉയരുന്നത് എണ്ണ ഉല്‍പ്പാദനത്തിലെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. സര്‍ക്കാര്‍ ചിലവിടലും നിക്ഷേപവും കുറച്ച് സ്വകാര്യ മേഖലയിലെ ഉപഭോഗം വീണ്ടെടുക്കുന്നതിന് അതിലൂടെ സാധിക്കുമെന്ന് ലോകബാങ്ക് നിരീക്ഷിച്ചു.
അതേസമയം നിലവിലെ ആഭ്യന്തര കലാപം മൂലം രാജ്യത്തെ എണ്ണ-ഇതര മേഖലയില്‍ ഈ വര്‍ഷവും കാര്യമായ വളര്‍ച്ചയുണ്ടാകില്ല. വൈദ്യുതി അടക്കമുള്ള സേവനങ്ങള്‍ക്കായുള്ള മോശം നീക്കിയിരുപ്പും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതവും രാജ്യത്തെ എണ്ണ-ഇതര മേഖലയുടെ വളര്‍ച്ചയെ ബാധിക്കും.