ഐപിഒ ഡ്രാഫ്റ്റ് പേപ്പറുകള്‍ സെബിക്ക് സമര്‍പ്പിച്ചിട്ടില്ല: സൊമാറ്റോ
മുംബൈ: പ്രഥമ ഓഹരി വില്‍പ്പനയ്ക്കു മുന്നോടിയായി ഏപ്രില്‍ 23ന് (ഇന്നലെ) സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തകളെ നിഷേധിച്ച് സൊമാറ്റോ. സാധാരണയായി ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിക്കാറില്ലെന്നും പേപ്പറുകള്‍ സമര്‍പ്പിച്ചതിന്‍റെ വിശദാംശങ്ങള്‍ തേടിയുള്ള ഫോണ്‍ കോളുകളും അന്വേഷണങ്ങളും ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ ഈ നിഷേധക്കുറിപ്പ് നല്‍കുന്നതെന്നും സൊമാറ്റോ സ്ഥാപകനായ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു.
ഡ്രാഫ്റ്റിന്‍റെ ആഭ്യന്തര വിശകലനവും മറ്റ് നടപടികളും വ്യാഴാഴ്ചയോടെ പൂര്‍ത്തിയായെന്നും അതിനാല്‍ വെള്ളിയാഴ്ച ഡ്രാഫ്റ്റ് സമര്‍പ്പിച്ചേക്കുമെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫോ എഡ്ജ്, സീക്വായ ക്യാപിറ്റല്‍, ടെമാസെക്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയാണ് നിലവില്‍ സൊമാറ്റോയില്‍ നിക്ഷേപകരായുള്ളത്. ഇന്ത്യന്‍ ഓഹരി വിപണി ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒകളില്‍ ഒന്നാണ് സൊമാറ്റോയുടേത്.
സൊമാറ്റോയുടെ ഐപിഒ നടത്തുന്ന പ്രകടനം നിരവധി സ്റ്റാര്‍ട്ടപ്പുകളെ ഓഹരി വിപണിയിലേക്ക് കടന്നു വരാന്‍ പ്രേരണ നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൊമാറ്റോ ലിമിറ്റഡ് എന്നു പേരുമാറ്റിക്കൊണ്ട് സൊമാറ്റോ ഒരു പ്രൈവറ്റ് കമ്പനിയില്‍ നന്ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയിരുന്നു.