യുഎഇയില്‍ ടെസ്സ് പദ്ധതിയുടെ കാലാവധി 2022 ജൂണ്‍ വരെയായി ദീര്‍ഘിപ്പിപ്പിച്ചു
1 min readബാങ്കുകള്‍ക്ക് തുടര്‍ന്നും കേന്ദ്രബാങ്കില്‍ നിന്ന് ധനസഹായം സ്വീകരിക്കാം
ദുബായ്: ടെസ്സിന് (ടാര്‍ഗെറ്റഡ് ഇക്കോണമിക് സപ്പോര്‍ട്ട് സ്‌കീം) കീഴിലുള്ള 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ധനസഹായ പദ്ധതിയുടെ കാലാവധി യുഎഇ കേന്ദ്രബാങ്ക് 2022 ജൂണ്‍ വരെയായി ദീര്‍ഘിപ്പിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്.
കേന്ദ്രബാങ്കില്‍ നിന്നും രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള പലിശയില്ലാ ധനസഹായ പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷത്തേക്ക് നീട്ടുന്നതിലൂടെ പകര്‍ച്ചവ്യാധി തിരിച്ചടിയായ വ്യക്തികള്‍ക്കും, എസ്എംഇകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുമെന്ന് സിബിയുഎഇ പ്രതീക്ഷ പ്രകടിപ്പിച്ചു. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം പ്രഖ്യാപിച്ച ടെസ്സ് പദ്ധതിയുടെ കാലാവധി ഈ വര്‍ഷം ജൂണ്‍ വരെയാക്കാന്‍ നേരത്തെ സിബിയുഎഇ തീരുമാനിച്ചിരുന്നു. ഈ പദ്ധതി പ്രകാരമുള്ള വായ്പ തിരിച്ചടവുകളിലെ ഇളവുകളും ഈ വര്‍ഷം അവസാനം വരെയാക്കി ദീര്‍ഘിപ്പിച്ചിരുന്നു. ഡിസംബര്‍ 31ഓടെ ഈ ഇളവുകള്‍ അവസാനിക്കുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു.
പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നുള്ള തിരിച്ചുവരവിന് സാമ്പത്തികമായും ധനപരമായും പിന്തുണ ഉറപ്പാക്കുകയെന്ന സിബിയുഎഇ നയം അനുസരിച്ചാണ് ടെസ്സ് കാലാവധി നീട്ടിയതെന്ന് കേന്ദ്രബാങ്ക്് ഗവര്‍ണര്‍ ഖാലിദ് അല്‍ തമീമി പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സിബിയുഎഇയുടെ എല്ലാ നടപടികളും ഉള്‍ക്കൊള്ളുന്ന സമഗ്ര പദ്ധതിയാണ് ടെസ്സ് എന്നും കേന്ദ്രബാങ്ക് അറിയിച്ചു.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിബിയുഎഇ ടെസ്സ് പ്രഖ്യാപിച്ചത്. ഏതാണ്ട് 388 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉത്തേജന പദ്ധതികളാണ് പകര്‍ച്ചവ്യാധിക്ക് ശേഷം യുഎഇ പ്രഖ്യാപിച്ചത്. ഇത്തരം ഉത്തേജന നടപടികളിലൂടെ അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വളരെ വേഗം തിരിച്ചുകയറുന്നതായാണ് കഴിഞ്ഞ മാസങ്ങളില്‍ കണ്ടത്. യുഎഇ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2.5 ശതമാനവും അടുത്ത വര്‍ഷം 3.6 ശതമാനവും വളര്‍ച്ച നേടുമെന്നാണ് കേന്ദ്രബാങ്കിന്റെ അനുമാനം.
പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും മുക്തമായി തുടങ്ങിയതോടെ യുഎഇ ബാങ്കുകളിലെ പണലഭ്യതയും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബാങ്കുകള്‍ ടെസ്സ് ഉപയോഗം കാര്യമായി വെട്ടിക്കുറച്ചെന്നും മികച്ച പ്രതികരണമാണ് പദ്ധതിക്കുണ്ടായതെന്നും കേന്ദ്രബാങ്ക് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ ടെസ്സിന്റെ ഭാഗമായി 44 ബില്യണ്‍ ദിര്‍ഹമാണ് പ്രാദേശിക ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ നിന്നും സ്വീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 22 ബില്യണ്‍ ദിര്‍ഹമായി ചുരുങ്ങി. വ്യക്തികളും എസ്എംഇകളും സ്വകാര്യ സ്ഥാപനങ്ങളും അടക്കം 32,000 ഉപഭോക്താക്കള്‍ക്ക് ടെസ്സ് നേട്ടമായെന്നാണ് വിലയിരുത്തല്‍.