ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് വമ്പന്‍ വിലക്കിഴിവില്‍ ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് വാങ്ങാം

എക്കൗണ്ടിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, മാനവ വിഭവശേഷി തുടങ്ങിയ മേഖലകളിലെ സോഫ്റ്റ്‌വെയറുകള്‍ ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ടില്‍ ഉണ്ടായിരിക്കും
ന്യൂഡെല്‍ഹി: ചെറുകിട, ഇടത്തരം ബിസിനസ്സുകളെ (എസ്എംബി) ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഇന്ത്യയില്‍ ‘ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട്’ അവതരിപ്പിച്ചു. ചെറുകിട ഇടത്തരം ബിസിനസുകള്‍ക്കായി നിരവധി ബിസിനസ് സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുന്നതാണ് ‘ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട്’. എഡബ്ല്യുഎസ് പാര്‍ട്ണര്‍ നെറ്റ്‌വര്‍ക്കിലെ (എപിഎന്‍) ഏഴ് സാങ്കേതികവിദ്യാ പങ്കാളികളാണ് ഈ ബിസിനസ് സോഫ്റ്റ്‌വെയറുകള്‍ നല്‍കുന്നത്. എക്കൗണ്ടിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, മാനവ വിഭവശേഷി തുടങ്ങിയ മേഖലകളിലെ സോഫ്റ്റ്‌വെയറുകള്‍ ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ടില്‍ ഉണ്ടായിരിക്കും. 2025 ഓടെ ഇന്ത്യയിലെ ഒരു കോടി ചെറുകിട, ഇടത്തരം ബിസിനസ്സുകളെ (എസ്എംബി) ഡിജിറ്റൈസ് ചെയ്യുകയാണ് എഡബ്ല്യുഎസ് ലക്ഷ്യം.
ആമസോണ്‍.ഇന്‍ വെബ്‌സൈറ്റില്‍ ഇപ്പോള്‍ സ്യൂട്ട് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ടിന്റെ ഭാഗമായ സോഫ്റ്റ്‌വെയറുകള്‍ ഓരോന്നും പ്രത്യേകം പ്രത്യേകം വാങ്ങാന്‍ കഴിയും. വെറും 20 രൂപ മുതലാണ് വില. റീട്ടെയ്ല്‍ വിലകളില്‍നിന്ന് 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്ന് എഡബ്ല്യുഎസ് അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 23 വരെ നടക്കുന്ന ‘ആമസോണ്‍ സംഭവ്’ കാലയളവില്‍ ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് വാങ്ങുമ്പോള്‍ ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് സ്‌റ്റോറില്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. റേസര്‍പേ, ഫ്രെഷ്‌വര്‍ക്‌സ്, ഗ്രേറ്റ്എച്ച്ആര്‍, ക്ലിയര്‍ടാക്‌സ്, സോഹോ, വിന്‍കുലം, ഒകെക്രെഡിറ്റ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളാണ് ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ടില്‍ ഉള്‍പ്പെടുന്നത്.
താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നതും ഉപയോഗിക്കാന്‍ എളുപ്പവുമായ പാക്കേജാണ് ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് എന്ന് ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐഎസ്പിഎല്‍), എഡബ്ല്യുഎസ് ഇന്ത്യ, സൗത്ത് ഏഷ്യ വാണിജ്യ വില്‍പ്പന വിഭാഗം പ്രസിഡന്റ് പുനീത് ചന്ദോക്ക് പറഞ്ഞു. ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് ഉപയോഗിക്കുന്നതിലൂടെ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ വെല്ലുവിളികള്‍ മറികടക്കാനും പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ബിസിനസില്‍ പുതുമ കൊണ്ടുവരുന്നതിനും വളര്‍ച്ചാവേഗം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കുന്നതിനും ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് കഴിയുമെന്ന് ചന്ദോക്ക് പ്രസ്താവിച്ചു.
ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് അവതരിപ്പിക്കുന്നത് ഗെയിംചേഞ്ചറായി മാറുമെന്നും വിവിധ വലുപ്പങ്ങളിലുള്ള ദശലക്ഷക്കണക്കിന് ചെറുകിട ഇടത്തരം ബിസിനസുകളെ ശാക്തീകരിക്കുമെന്നും ലോകമെങ്ങുമുള്ള പുതിയ ഉപയോക്താക്കളിലേക്ക് എത്താന്‍ അവരെ സഹായിക്കുമെന്നും റേസര്‍പേയുടെ എസ്എംഇ ബിസിനസ് വിഭാഗം മേധാവി വേദനാരായണന്‍ വേദാന്തം പറഞ്ഞു.