ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കുമായി 250 മില്യണ്‍ ഡോളര്‍ ഫണ്ട് പ്രഖ്യാപിച്ച് ആമസോണ്‍
1 min read‘ലോക്കല്‍ ഷോപ്പ്സ് ഓണ്‍ ആമസോണ്‍ പ്രോഗ്രാം’ വഴി ഒരു ദശലക്ഷം ചെറുകിട വ്യാപാരികളെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് എത്തിക്കും
ബെംഗളൂരു: ടെക്നോളജിയിലും ഇന്നൊവേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലും ചെറുകിട സംരംഭങ്ങളിലും നിക്ഷേപം നടത്തുന്നതിനായി 250 മില്യണ്‍ ഡോളറിന്‍റെ ‘എസ്എംഭവ് വെഞ്ച്വര്‍ ഫണ്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ ഇന്ത്യ. എസ്എംഇ തലത്തില്‍ വരുന്ന സംരംഭങ്ങളിലാണ് നിക്ഷേപിക്കുക.
രാജ്യത്തെ ചെറുകിട ബിസിനസുകളുടെ ഡിജിറ്റൈസേഷന്‍, കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള കാര്‍ഷിക സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാര്‍വത്രികവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനെ മുന്നോട്ടു നയിക്കുന്ന ആരോഗ്യ സാങ്കേതികവിദ്യ എന്നീ മൂന്ന് മേഖലകളിലായിരിക്കും ഫണ്ട് പ്രധാനമായും കേന്ദ്രീകരിക്കുകയെന്ന് ആമസോണിന്‍റെ ആഗോള സീനിയര്‍ വൈസ് പ്രസിഡന്‍റും ആമസോണ്‍ ഇന്ത്യയുടെ കണ്‍ട്രി ഹെഡ്ഡുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.
ഇതോടൊപ്പം, തങ്ങളുടെ ‘ലോക്കല്‍ ഷോപ്പ്സ് ഓണ്‍ ആമസോണ്‍ പ്രോഗ്രാം’ വഴി ഒരു ദശലക്ഷം ഓഫ്ലൈന്‍ റീട്ടെയിലര്‍മാരെയും അയല്‍പക്ക സ്റ്റോറുകളെയും 2025 ഓടെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നതിനുള്ള ലക്ഷ്യവും ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരിട്ടുള്ള വില്‍പ്പനയ്ക്ക് പുറമേ കൂടുതലായുള്ള നേട്ടം നല്‍കുന്നതിനും ഡിജിറ്റല്‍വത്കരണത്തിനും സഹായിക്കുന്നതിനായാണ് ആമസോണ്‍ ‘ലോക്കല്‍ ഷോപ്പ്സ് ഓണ്‍ ആമസോണ്‍ പ്രോഗ്രാം’ ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ വനിതകള്‍ക്കും ഗോത്ര സമൂഹങ്ങള്‍ക്കും സാങ്കേതിക ഉപകരണങ്ങളും ഉപഭോക്താക്കളും ലഭ്യമാക്കുന്ന ‘സ്പോട്ട്ലൈറ്റ് നോര്‍ത്ത് ഈസ്റ്റ്’ സംരംഭവും ഇ-കൊമേഴ്സ് കമ്പനി പ്രഖ്യാപിച്ചു. 2025 ഓടെ ഈ മേഖലയിലെ നെയ്ത്തുകാര്‍, പ്രാദേശിക ചെറുകിട ബിസിനസുകള്‍, ചെറുകിട വ്യാപാരികള്‍, ഗോത്ര സമൂഹങ്ങളിലെ കരകൗശല തൊഴിലാളികള്‍ എന്നിങ്ങനെ 50,000ല്‍ അധികം പേര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ആമസോണ്‍ ഇന്ത്യ സംഘടിപ്പിച്ച നാല് ദിവസത്തെ ‘ആമസോണ്‍ എസ്എംഭവ്’ ഉച്ചകോടിയുടെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അമസോണ്‍ മേധാവി ജെഫ് ബെസോസും എത്തിയിരുന്നു. 2025ഓടെ 10 മില്യണ്‍ മേക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യ കയറ്റുമതി ചെയ്യുമെന്ന വാഗ്ദാനം നല്‍കിയാണ് അദ്ദേഹം അന്ന് മടങ്ങിയത്. 2025 ഓടെ 10 ലക്ഷം ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യുമെന്നും 1 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.