‘അടുത്ത ദശകത്തിൽ സൌദി അറേബ്യയിൽ ഉണ്ടാകുക 6 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങൾ’
റിയാദ്: അടുത്ത 10 വർഷത്തിൽ സൌദി അറേബ്യയിൽ ആറ് ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങൾ ഉയരുമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച തന്ത്രപ്രധാന ചർച്ചയിൽ വിർച്വലായി പങ്കെടുക്കവെയാണ് സൌദിയിൽ വരാനിരിക്കുന്ന നിക്ഷേപ അവസരങ്ങളെ കുറിച്ച് കിരീടാവകാശി വാചാലനായത്.
ഇതിൽ 3 ട്രില്യൺ ഡോളറിന്റെ നിക്ഷേപ അവസരങ്ങൾ വിഷൻ 2030 എന്ന പുനരുദ്ധരാണ പദ്ധതിയുടെ ഭാഗമായുള്ള പ്രോജക്ടുകളിലായിരിക്കും. സൌദി അറേബ്യയുടെ സാമ്പത്തിക സാമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് കൊണ്ടുള്ള ഈ പദ്ധതിയുടെ 85 ശതമാനം ചിലവും രാജ്യത്തെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും സ്വകാര്യ മേഖലയും ചേർന്ന് നിർവ്വഹിക്കും. ബാക്കി വരുന്ന 15 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നും ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ മൂലധന സമാഹരണത്തിലൂടെ കണ്ടെത്താനാണ് സൌദിയുടെ പദ്ധതി.