ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി ഈ വര്‍ഷമെത്തും
ഈ വര്‍ഷം യുഎസ്, ജപ്പാന്‍ വിപണികളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി
സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോളതലത്തില്‍ നേരിടുന്ന ചിപ്പ് ക്ഷാമത്തെതുടര്‍ന്ന് ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിച്ചതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം യുഎസ്, ജപ്പാന്‍ വിപണികളില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വര്‍ഷം യുഎസ്, ജപ്പാന്‍ വിപണികളില്‍ ലഭിക്കുമെന്നും ഗൂഗിള്‍ വക്താവ് സ്ഥിരീകരിച്ചു.
ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന പിക്‌സല്‍ ബഡ്‌സ് എ കൂടി അവതരിപ്പിച്ചേക്കും. ഈ വര്‍ഷത്തെ മികച്ചതും വില കുറഞ്ഞതുമായ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഒന്നായിരിക്കും ഗൂഗിള്‍ പിക്‌സല്‍ 5എ 5ജി എന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഗൂഗിള്‍ പിക്‌സല്‍ 4എ 5ജി സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ എന്‍ജിനീയര്‍മാര്‍ ശ്രദ്ധ തുടരും. ഈ ഫോണിന്റെ സോഫ്റ്റ്‌വെയര്‍ പരീക്ഷണമാണ് നടത്തേണ്ടത്. ആഗോളതലത്തില്‍ ഗൂഗിളിന്റെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ പ്രധാനമായും സംഭാവന ചെയ്യുന്നത് പിക്‌സല്‍ 4എ 5ജി ആയിരിക്കും. പിക്‌സല്‍ 5എ 5ജി സ്റ്റോക്കില്ലാത്ത വിപണികളില്‍ പിക്‌സല്‍ 4എ 5ജി ആയിരിക്കും വില്‍ക്കുന്നത്.
ഗൂഗിളിന്റെ പിക്‌സല്‍ 4എ 5ജി, പിക്‌സല്‍ 5എ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ തമ്മില്‍ വളരെയധികം സമാനതകള്‍ ഉണ്ടായിരിക്കും. നിലവില്‍ ക്ഷാമം നേരിടുന്ന ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 765ജി ചിപ്പാണ് രണ്ട് ഫോണുകളും ഉപയോഗിക്കുന്നത്. ഗൂഗിളിന്റെ ഡിവൈസ് അവൈലബിലിറ്റി പേജ് അനുസരിച്ച്, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ജപ്പാന്‍, തായ്‌വാന്‍, യുകെ, യുഎസ് എന്നീ വിപണികളില്‍ ഗൂഗിള്‍ പിക്‌സല്‍ 4എ 5ജി പുറത്തിറക്കിയിരുന്നു.
ആഗോളതലത്തിലെ ചിപ്പ് ക്ഷാമം ഗൂഗിള്‍ കൂടാതെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെയും ബാധിച്ചിരിക്കുകയാണ്. സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനത്തെയും ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.