മോദി-പുടിന്‍ ഉച്ചകോടി ഈ വര്‍ഷാവസാനം
1 min read- റഷ്യയുമായി തന്ത്രപരമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനം
- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ലാവ്റോവ് ചര്‍ച്ച നടത്തി.
ന്യൂഡെല്‍ഹി: ഇന്ത്യാ-റഷ്യ ബന്ധങ്ങളില്‍ സമീപകാലത്ത് കാര്യമായ പുരോഗതി ദൃശ്യമല്ല. പല സാഹചര്യങ്ങളിലും മോസ്കോ ഇന്ത്യയെ ശത്രുപക്ഷത്ത് കാണുന്ന രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും ഉഭയകക്ഷി ബന്ധങ്ങളില്‍ വലിയ വ്യതിചലനങ്ങള്‍ സൃഷ്യിക്കപ്പെട്ടിട്ടില്ല എന്ന് വിലയിരുത്താനാകും ഇന്ത്യ താല്‍പ്പര്യപ്പെടുക. കാരണം റഷ്യ ഇന്ത്യ എക്കാലത്തേയും സൂഹൃദ് രാജ്യമായതുകൊണ്ടുതന്നെ. ഉഭയകക്ഷി, പ്രാദേശിക, ആഗോള മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും ഇപ്പോഴും കാര്യമായ സഹകരണ മേഖലകളുണ്ട്, അവ ഉപയോഗപ്പെടുത്തണം. അതിനാല്‍, ചൈനയുടെ ഉയര്‍ച്ചയെ നേരിടാന്‍ സമാന ചിന്താഗതിക്കാരായ മറ്റ് ശക്തികളുമായി ഇന്ത്യ ബന്ധം വളര്‍ത്തിയെടുക്കുമ്പോള്‍, റഷ്യയുമായുള്ള പ്രത്യേക, പൂര്‍വിക തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തണം എന്ന് ചുരുക്കം.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഈ ആഴ്ച ആദ്യം ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയിരുന്നു.വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ലാവ്റോവ് ചര്‍ച്ച നടത്തിയപ്പോള്‍ മറ്റ് വിദേശരാജ്യങ്ങളുടെയും ശദ്ധ അവിടെ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. കോവിഡ് മഹാമാറി കാരണം 2020 ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടി മാറ്റിവയ്ക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധിതമായതോടെ പ്രസ്പര ബന്ധത്തില്‍ ഒരു ഊര്‍ജസ്വലത കുറഞ്ഞുവന്നിരുന്നു. കൂടാതെ ഇന്ത്യയുടെ ക്വാഡ് പരിശീലനം, ഇന്തോ-പസഫിക് കാഴ്ചപ്പാട് എന്നിവയില്‍ മോസ്കോയ്ക്ക് അനുകൂല നിലപാട് ഇല്ല എന്നാണ് മനസിലാക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായതിനാലാണ് റഷ്യ ഈ നിലപാടിലേക്ക് മാറിയതെന്ന് കരുതുന്നു.
എന്നാല്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ റഷ്യയുടെ പങ്ക് വളരെ വലുതാണ്.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ മോസ്കോയിലേക്കുള്ള രണ്ട് സന്ദര്‍ശനങ്ങള്‍ കാര്യങ്ങളെ പോസിറ്റീവായി ഇന്ത്യ കാണുന്നു എന്നതിന് തെളിവാണ്. ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്ന ലാവ്റോവ്-ജയ്ശങ്കര്‍ യോഗം ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം നരേന്ദ്ര മോദി-വ്ളാഡിമിര്‍ പുടിന്‍ വാര്‍ഷിക ഉച്ചകോടിക്ക് ഒരുക്കങ്ങള്‍ നടക്കുകയുമാണ്. ഇതിന്‍റെ ഒരുക്കങ്ങളും ഇരുവിദേശകാര്യമന്ത്രിമാരും ചര്‍ച്ചചെയ്യുന്നുണ്ട്.
ഇന്ത്യ-റഷ്യ ബന്ധത്തില്‍ ഉയര്‍ന്ന തലത്തിലുള്ള ഇടപെടല്‍ വളരെ പ്രധാനമാണ്. കാരണം ഈ ബന്ധം നയിക്കപ്പെടുന്നത് ഉയര്‍ന്നതലത്തിലാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിനിടയില്‍, ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും വൈവിധ്യവത്കരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത 2021 ഉച്ചകോടിയില്‍ ചര്‍ച്ചയാകും. പങ്കാളിത്തത്തിന്‍റെ ഭാവി ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഉച്ചകോടി നിര്‍ണ്ണായകമാകും. ആഗോള രാഷ്ട്രീയ മാറ്റങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളുടെ സന്തുലിതമായ സ്വഭാവവും രണ്ടു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ വിഷയമായി.
ഈ സന്തുലിതാവസ്ഥയുടെ ഒരു സവിശേഷത എന്നത് ലോകകാര്യങ്ങളില്‍ സ്വാധീനമുള്ള ശക്തിയായി റഷ്യയുടെ തിരിച്ചുവരവ്, കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള ശ്രദ്ധ, ചൈന അതിന്‍റെ പ്രധാന ബാഹ്യ പങ്കാളിയായി ഉയര്‍ന്നുവരുന്നത് എന്നിവയാണ്. ലാവ്റോവിന്‍റെ സന്ദര്‍ശനങ്ങളിലും ഇത് പ്രകടമാണ്. അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, സൗദി അറേബ്യ, ചൈന, ദക്ഷിണ കൊറിയ, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇറാനിലേക്കും അദ്ദേഹം സന്ദര്‍ശനത്തിനായി പോകുന്നുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ലാവ്റോവ് പാക്കിസ്ഥാനിലേക്കും പോയി. അവിടെ പാക് വിദേശകാര്യമന്ത്രി ഖുറേഷിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന് ആയുധം നല്‍കാന്‍ റഷ്യ തയ്യാറാണെന്ന് ലാവ്റോവ് ഖുറേഷിയെ അറിയിച്ചു. കൂടാതെ ഇരുരാജ്യങ്ങളും സംയുക്തമായി സൈനികാഭ്യാസം നടത്തുന്നതിനുള്ള താല്‍പ്പര്യവും റഷ്യ പ്രകടിപ്പിച്ചു. ഇത് മോസ്കോയുടെ പരമ്പരാഗത നിലപാടിനു വിരുദ്ധമാണ്. മുന്‍പ് 2018ല്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനായി റഷ്യ പാക്കിസ്ഥാന് പരിമിതമായ എംഐ 35 ആക്രമണ ഹെലിക്കോപ്റ്ററുകള്‍ നല്‍കിയിരുന്നു. ഇക്കുറിയും മോസ്കോയുടെ നിലപാടില്‍ ഇന്ത്യ പ്രതിഷേധിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ഈ വിഷയം റഷ്യ വാദമുഖമാക്കി ഇന്ത്യയെക്കൊണ്ട് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കും. പാക്കിസ്ഥാന്‍ ആര്‍മി മേധാവി ജനറല്‍ ഖമര്‍ ബജ്വ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരുമായി ലാവ്റോവ് കൂടിക്കാഴ്ച നടത്തി. ഒരു ദശാബ്ദത്തിനിടെ പാക്കിസ്ഥാനിലേക്കുപോയ റഷ്യന്‍ നേതാവാണ് ലാവ്റോവ്.
ഇന്ത്യക്ക് താല്‍പ്പര്യമുള്ള രാജ്യങ്ങളിലാണ് ലാവ്റോവ് സന്ദര്‍ശനം നടത്തിയത്. ഇക്കാരണങ്ങളാല്‍ ഇന്ത്യക്ക് ഇനി മോസ്കോയുമായി ഇടപഴകേണ്ടതിന്‍റെ ആവശ്യകതയുണ്ട്. മോസ്കോ എല്ലായ്പ്പോഴും ഏറ്റവും ശക്തനായ ഒരു കളിക്കാരനാകണമെന്നില്ല. പക്ഷേ യുറേഷ്യയില്‍ ഒരു സ്പോയിലര്‍, ഫെസിലിറ്റേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനുള്ള ഗണ്യമായ ശേഷി അവര്‍ നിലനിര്‍ത്തുന്നു.
രണ്ട് വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയില്‍ ഇതിന്‍റെ അംഗീകാരം പ്രകടമായിരുന്നു. ഇന്ത്യയും റഷ്യയും ലോകകാര്യങ്ങളില്‍ അതാത് പാത പിന്തുടരുന്നത് തുടരുമ്പോള്‍, ആഗോള വ്യവസ്ഥയിലെ ഈ കാലഘട്ടത്തില്‍ പരസ്പര പ്രയോജനകരമായ വിഷയങ്ങളില്‍ ഏകോപനം നിര്‍ണായകമാകും. വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഒരു വ്യക്തമായ ചര്‍ച്ച ഉദ്ദേശ്യങ്ങളുടെ തെറ്റായ വ്യാഖ്യാനം ഒഴിവാക്കാനുള്ള അവസരമൊരുക്കുകയും സഹകരണത്തിന്‍റെ സാധ്യതയുള്ള മേഖലകള്‍ പര്യവേക്ഷണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.
ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു മേഖല അഫ്ഗാനിസ്ഥാനായിരുന്നു. അസ്ഥിരമായ അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയില്‍ ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഇന്ത്യയ്ക്ക് സമാധാന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രധാന ശക്തികളുമായി നിരന്തരമായ ഇടപെടല്‍ ആവശ്യമാണ്.അഫ്ഗാനിസ്ഥാനില്‍ ശ്രദ്ധയോടെ പാക്കിസ്ഥാനുമായുള്ള ഇടപഴകല്‍ മോസ്കോ മെച്ചപ്പെടുത്തുന്നു. പാക്കിസ്ഥാനിലേക്ക് സൈനിക ഹാര്‍ഡ്വെയര്‍ വിതരണമില്ലെന്ന് റഷ്യ ഇന്ത്യക്ക് നല്‍കിയ ഉറപ്പ് അനുസരിച്ച്, ഇസ്ലാമാബാദിലേക്ക് തീവ്രവാദത്തിനെതിരായ സൈനിക ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തന്ത്രപരമായ സന്തുലിതാവസ്ഥയെ ബാധിക്കില്ലെന്ന് ന്യൂഡെല്‍ഹി പ്രതീക്ഷിക്കുന്നുണ്ട്.