ലോകായുക്ത: മന്ത്രി ജലീല്‍ ഹൈക്കോടതിയെ സമീപിക്കുന്നു
തിരുവനന്തപുരം: ലോകായുക്തയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ തീരുമാനിച്ചു.ബന്ധുനിയമനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അര്‍ഹതയില്ലെന്ന് കഴിഞ്ഞദിവസം ലോകായുക്ത വിധിച്ചിരുന്നു. മന്ത്രി തന്‍റെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം നടത്തിയത്
തെളിഞ്ഞെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ് കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജലീല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. വിധി വന്നയുടനെ, വിധിന്യായത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ നിയമോപദേശം സ്വീകരിക്കുമെന്ന് ജലീല്‍ പറഞ്ഞിരുന്നു.
ഈ കേസ് മുമ്പ് ഹൈക്കോടതിയുടെ മുമ്പാകെ വന്നതാണ്. അന്ന് ജലീലിനെ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് അന്നത്തെ കേരളാഗവര്‍ണര്‍ പി സദാശിവത്തിന് പരാതി ലഭിച്ചു. എന്നാല്‍ഗവര്‍ണറും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ ലോകായുക്തയുടെ പുതിയ നിര്‍ദേശത്തോടെ മന്ത്രി ജലീല്‍ വെട്ടിലായി. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. കോടതിയുടെ അവധിക്കാല ബെഞ്ച് ഇത് പരിശോധിക്കും.
2018ല്‍ ജലീല്‍ തന്‍റെ അടുത്ത ബന്ധുവായ കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍റെ ജനറല്‍ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. അതിനുശേഷം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെ യുവജന വിഭാഗം ഇത് വിവാദമാക്കി.
നിയമനം ക്രമത്തിലാണെന്ന് പറഞ്ഞ് ജലീല്‍ നിയമനം നിയമസഭയ്ക്കകത്തും പുറത്തും വിശദീകരിച്ചെങ്കിലും അത് വലിയ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു.ജലീലിനെ സിപിഐഎം പിന്തുണച്ചു. എന്നാല്‍ പിന്നീട് അദീബ് ജോലി ഉപേക്ഷിച്ച് ബാങ്ക് ജോലിയിലേക്ക് മടങ്ങി.
ജലീലിന്‍റെ ജന്മനാടായ മലപ്പുറം നിവാസിയായ മുഹമ്മദ് ഷാഫിയാണ് മന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചത്. വിധി വളരെ വ്യക്തമാണെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് ധാര്‍മ്മിക അവകാശമില്ലെന്നും ലോകായുക്ത പറഞ്ഞതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു.2006 ലെ അരങ്ങേറ്റ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലീല്‍, മുസ്ലീംലീഗിലെ പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് രംഗത്തുവന്നത്.