ഡിസംബര്‍: പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 13.59% വര്‍ധന
പ്രാദേശിക വിപണിയിൽ പാസഞ്ചര്‍ വാഹന വിൽപ്പന ഡിസംബറില്‍ 13.59 ശതമാനം ഉയർന്ന് 252,998 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 222,728 പാസഞ്ചർ വാഹനങ്ങളാണ് ആഭ്യന്തര വിപണിയിൽ വിറ്റിരുന്നതെന്നും സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
കൊറോണ മഹാമാരി പൊതു യാത്രാ സംവിധാനങ്ങളില്‍ നിന്നു മാറുന്നതിന് പ്രേരണ നല്‍കുന്നത് ഈ വര്‍ധനയില്‍ പങ്കുവഹിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. വിൽപന നമ്പറുകളിൽ ടാറ്റ മോട്ടോഴ്സിന്‍റെ കണക്കുകള്‍ ഉൾപ്പെടുന്നില്ല. കമ്പനി സിയാമിലേക്ക് പ്രതിമാസ കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിയതിനാലാണ് ഇത്.
അവലോകന കാലയളവിൽ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 7.42 ശതമാനം ഉയർന്ന് 1,127,917 യൂണിറ്റായി. സ്കൂട്ടറുകളുടെ വില്‍പ്പന അളവ് 5.59 ശതമാനം ഉയർന്ന് 323,696 യൂണിറ്റായി. മോട്ടോർസൈക്കിളുകളുടെ കാര്യത്തില്‍ 6.65 ശതമാനം ഉയർന്ന് 744,237 യൂണിറ്റായി.
ത്രീ വീലറുകളുടെ വിൽപ്പന 58.87 ശതമാനം ഇടിഞ്ഞ് 22,126 യൂണിറ്റായി.