സൗദി അറേബ്യയിലെ കുടുംബ ബിസിനസുകള്‍ക്ക് സഹായവുമായി സൗദി സോഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക്
1 min readസൗദി അറേബ്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 7.05 ബില്യണ്‍ ഡോളറാകുമെന്നാണ് അനുമാനം
ജിദ്ദ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കുടുംബ ബിസിനസുകളെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനൊരുങ്ങി സൗദി സോഷ്യല്‍ ഡെവലപ്‌മെന്റ് ബാങ്ക് (എസ്ഡിബി). ഇതുമായി ബന്ധപ്പെട്ട് എസ്ഡിബി ടെക്‌നോളജി കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചു. ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ തുറക്കാനും കൈകാര്യം ചെയ്യാനും രാജ്യത്തെ കുടുംബ ബിസിനസുകളെ സഹായിക്കുന്നതിനുള്ളതാണ് കരാര്‍.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പ്രകടമാക്കുന്നത്. ഈ പ്രവണത അവസരമാക്കിക്കൊണ്ട് വിര്‍ച്വല്‍ വിപണിയില്‍ വളരാനുള്ള അടിസ്ഥാനസൗകര്യം കുടുംബ ബിസിനസുകള്‍ക്ക് നല്‍കുന്നതാണ് എസ്ഡിബിയുടെ പുതിയ പദ്ധതി.
ആമസോണ്‍ ഏജന്‍സിയുടെയും മാര്‍ക്കറ്റ്‌പ്ലേസ് കണ്‍സള്‍ട്ടന്‍സിയായ പൊഡീനിന്റെയും കണക്കുകള്‍ അനുസരിച്ച് സൗദി അറേബ്യയിലെ മൊത്തം ഉപഭോക്താക്കളില്‍ പകുതിപ്പേരും ആഴ്ചയില്‍ ഒരിക്കല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. പൊഡീന്‍ സര്‍വ്വേയില്‍ പ്രതികരിച്ച സൗദി അറേബ്യയിലെ 24 ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കളും ആഴ്ചയില്‍ രണ്ട്, മൂന്ന് പ്രാവിശ്യമെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താറുണ്ടെന്ന് വെളിപ്പെടുത്തി. 11 ശതമാനം ആളുകള്‍ ദിവസവും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നു. 15 ശതമാനം പേര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഓണ്‍ലൈനായി ഷോപ്പ് ചെയ്യാറുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ നിന്നുള്ള വരുമാനം 2021ഓടെ 7.05 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് സ്റ്റാറ്റിസ്റ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല വരുംവര്‍ഷങ്ങളില്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 5.38 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നും 2025ഓടെ വിപണി മൂല്യം 8.69 ബില്യണ്‍ ഡോളറാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എസ്ബിഡിയുടെ സാമ്പത്തിക സഹായം ലഭിച്ച 100,000ത്തോളം കുടുംബ ബിസിനസുകള്‍ സൗദി അറേബ്യയിലുണ്ട്. മൊത്തത്തില്‍ 1.3 ബില്യണ്‍ സൗദി റിയാലിന്റെ സാമ്പത്തിക സഹായമാണ് ഈ കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇത്തരം കുടുംബ ബിസിനസുകള്‍ക്ക് ദേശീയ സമ്പദ് വ്യവസ്ഥയിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഫണ്ടിംഗ്, പരിശീലനം, ഇളവുകള്‍ അടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി പദ്ധതികള്‍ക്ക് സൗദി അറേബ്യ രൂപം നല്‍കിയിട്ടുണ്ട്.
ഉല്‍പ്പാദക കുടുംബങ്ങള്‍ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോം എസ്ഡിബി മുന്‍കൈ എടുത്ത പദ്ധതികളില്‍ ഒന്നാണ്. കുടുംബ ബിസിനസുകള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍, ഫണ്ടിംഗ് അവസരങ്ങള്‍, നിക്ഷേപ സേവനം, വില്‍പ്പന ശൃംഖലകളില്‍ നിന്നുള്ള നേട്ടം സ്വന്തമാക്കുന്നതിനുളള അവസരം തുടങ്ങിയ സേവനങ്ങളോടെ 2019ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.