പഞ്ചവല്‍സര പദ്ധതിയിലൂടെ എണ്ണ ഇതര വരുമാനം മെച്ചപ്പെടുമെന്ന് ഒമാന്‍ സാമ്പത്തിക മന്ത്രാലയം
1 min readകോവിഡ്-19 പകര്‍ച്ചവ്യാധിയുടൈ ആഘാതത്തില്‍ നിന്നുള്ള മോചനം കൂടി ലക്ഷ്യമിട്ടാണ് ജനുവരിയില്‍ ഒമാന്‍ പത്താമത്ത് പഞ്ചവല്‍സര വികസന പദ്ധതി പ്രഖ്യാപിച്ചത്
മസ്‌കറ്റ്: 2025ഓടെ ഒമാന്‍ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള വരുമാനത്തില്‍ മൂന്നിലൊന്നും എണ്ണ-ഇതര മേഖലയില്‍ നിന്നായിരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം ഉദ്യോഗസ്ഥന്‍. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്താമത് പഞ്ചവല്‍സര വികസന പദ്ധതിയുടെ (എഫ്ഡിപി) പ്രധാന ലക്ഷ്യം അതാണെന്നും എണ്ണയിലുള്ള ആശ്രിതത്വം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ലക്ഷ്യം സൂചിപ്പിക്കുന്നതെന്നും ഒമാന്‍ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ബിന്‍ റാഷിദ് അല്‍ മാവാലി പറഞ്ഞു.
മത്സരക്ഷമത, പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശേഷി, സ്ഥിരത, മറ്റ് മേഖലകളെ പിന്തുണയ്ക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കി പഞ്ചവല്‍സര വൈവിധ്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിനായി മന്ത്രാലയം ചില പ്രത്യേക മേഖലകളെ തെരഞ്ഞെടുത്തതായി മാവാലി വ്യക്തമാക്കി. എണ്ണ-ഇതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന് സാമ്പത്തിക സ്ഥിരയും പ്രധാന ഘടകമാണന്ന് ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ അബ്ദുള്ള ബിന്‍ സലേം അല്‍ ഹാര്‍ത്തിയും പറഞ്ഞു.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിന്റെ ഭാഗമായി ജനുവരിയിലാണ് ഒമാന്‍ പത്താമത് പഞ്ചവല്‍സര വികസന പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക വീണ്ടെടുപ്പിനുള്ള ഒമാന്റെ നിര്‍ണായക പദ്ധതിയാണിത്. 135,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ധനക്കമ്മി 2024ഓടെ 1.7 ശതമാനമാക്കി കുറയ്ക്കുക, 2025ഓടെ 65 മില്യണ്‍ ഒമാന്‍ റിയാല്‍ ബജറ്റില്‍ മിച്ചം പിടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.