കുട്ടിക്കാലത്ത് മധുരപാനീയങ്ങള്‍ കുടിക്കുന്നത് പിന്നീട് ഓര്‍മ്മക്കുറവിന് കാരണമാകും
1 min readചെറുപ്പകാലത്ത് മധുരപാനീയങ്ങള്‍ കുടിക്കുന്നത് പിന്നീട് സ്ഥിരമായ ഓര്‍മ്മക്കുറവിനും പൊണ്ണത്തടി, പ്രമേഹം,ദന്തക്ഷയം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
പരിധിയിലധികം മധുരപാനീയങ്ങള്‍ കുടിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ദന്തക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നമുക്കറിയാം. എന്നാല്‍ കുട്ടിക്കാലത്ത് മധുരപാനീയങ്ങള്‍ കുടിക്കുന്നത് മുതിരുമ്പോള്‍ ഓര്‍മ്മക്കുറവിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം. അമാശയത്തിലും കുടലിലുമായി കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ തലച്ചോറിന്റെ പ്രത്യേക മേഖലയുടെ പ്രവര്‍ത്തനത്തെ എങ്ങനെ തടസപ്പെടുത്തുന്നുവെന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരണമുണ്ട്,
ഭക്ഷണക്രമവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദീര്‍ഘകാലമായി പഠനം നടത്തുന്ന യുഡിഎസ് ഡോണ്‍സൈഫ് കൊളെജിലെ പ്രഫസറും ന്യൂറോ ശാസ്ത്രജ്ഞനുമായ സ്‌കോട്ട് കനോസ്‌കി മധുര പാനീയങ്ങളുടെ ഉപഭോഗം ഓര്‍മ്മയെ ബാധിക്കുമെന്നും ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അളവില്‍ വ്യത്യാസം വരുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അളവിലുണ്ടാകുന്ന മാറ്റവും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു ഇത്തവണ കനോസ്‌കിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
എലികളിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നത്. വെള്ളം മാത്രം കുടിക്കുന്ന എലികളെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ മധുരപാനീയങ്ങള്‍ കുടിച്ച എലികള്‍ തലച്ചോറിന്റെ ഹിപ്പോകാമ്പസ് മേഖലയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം തലച്ചോറിന്റെ പെരിഫറല്‍ കോര്‍ട്ടെക്‌സുമായി ബന്ധപ്പെട്ട ഓര്‍മ്മയശക്തിയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയുമില്ല. അതിനാല്‍ ചെറുപ്പകാലത്ത് മധുരപാനീയങ്ങള്‍ കുടിക്കുന്നത് പിന്നീട് ഹിപ്പോകാമ്പല്‍ മേഖലയുമായി ബന്ധപ്പെട്ട അറിവ് ശേഖരണത്തിലും ഓര്‍മ്മശക്തിയിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ അനുമാനത്തിലെത്തി. മാത്രമല്ല മധുരപാനീയങ്ങള്‍ അധികമായി കുടിക്കുന്നവരുടെ ആമാശയത്തിലും കുടലിലും കാണപ്പെടുന്ന സൂക്ഷ്മാണുക്കളില്‍ രണ്ട് പ്രത്യേക വിഭാഗങ്ങളിലുള്ള സൂക്ഷ്മാണുക്കള്‍ കൂടുതലാണെന്നും ഈ രണ്ട് സൂക്ഷ്മാണുക്കളും ഓര്‍മ്മക്കുറവിന് കാരണമാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ആമാശയത്തിലെ സൂക്ഷ്മാണുക്കളും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കുട്ടിക്കാലത്തെ ഈ ദുശ്ശീലം മൂലമുണ്ടാകുന്ന ഓര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും വ്യായാമത്തിലൂടെയും പരിഹാരം കണ്ടെത്താനാകുമോ എന്ന് കണ്ടെത്തുകയാണ് ഇനി കനോസ്‌കിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
അമേരിക്കയിലെ സിഡിസിപിയുടെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മൂന്നിലൊരു വിഭാഗം യുവാക്കളും ദിവസവും ഒരു മധുരപാനീയമെങ്കിലും കുടിക്കുന്നു അമേരിക്കക്കാരുടെ ശരീരത്തില്‍ ഏറ്റവുമധികം മധുരം എത്തിപ്പെടുന്നതും മധുരപാനീയങ്ങളിലൂടെയാണ്.