എസ്ബിഐ ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ത്തി
1 min readബാധകമായ ജിഎസ്ടി സഹിതമുള്ള മൊത്തം വായ്പ തുകയുടെ 0.40 ശതമാനം ഏകീകൃത പ്രോസസ്സിംഗ് ഫീസ് നല്‍കണം
ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പ നിരക്കുകള്‍ പരിഷ്കരിച്ചു. നേരത്തെ ഉണ്ടായിരുന്ന 6.70 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്‍റ് (ബിപിഎസ്) അല്ലെങ്കില്‍ 0.25 ശതമാനം വര്‍ധിപ്പിച്ച് 6.95 ശതമാനമാണ് പുതിയ നിരക്ക്. ഏപ്രില്‍ ഒന്നിന് നിരക്ക് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് വെബ്സൈറ്റില്‍ അറിയിച്ചു. ഈ നടപടി മറ്റ് വായ്പാദാതാക്കളെയും നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ് എസ്ബിഐ കഴിഞ്ഞ മാസം ഭവനവായ്പയ്ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് മാര്‍ച്ച് 31 വരെ നിലവിലുണ്ടായിരുന്നു. ഈ ഓഫറിന്‍റെ ഭാഗമായി എസ്ബിഐ 6.70 ശതമാനം പലിശ നിരക്കില്‍ ഭവനവായ്പ വാഗ്ദാനം ചെയ്തു. മാര്‍ച്ച് 31 വരെ എസ്ബിഐ ഭവനവായ്പ പ്രോസസ്സിംഗ് ഫീസ് എഴുതിത്തള്ളുകയും ചെയ്തിരുന്നു എന്നാല്‍ ഇനി ബാധകമായ ജിഎസ്ടി സഹിതമുള്ള മൊത്തം വായ്പ തുകയുടെ 0.40 ശതമാനം ഏകീകൃത പ്രോസസ്സിംഗ് ഫീസ് നല്‍കണം. ഇതിന്‍റെ ചുരുങ്ങിയ പരിധി 10,999 രൂപയായും പരമാവധി പരിധി 30,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐയുടെ വെബ്സൈറ്റ് അനുസരിച്ച് ഭവനവായ്പകള്‍ ഇബിഎല്‍ആറിനേക്കാള്‍ 40 ബിപിഎസില്‍ ലഭ്യമാണ് (ബാഹ്യ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് റേറ്റ്).
റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഇബിഎല്‍ആര്‍ നിലവില്‍ 6.65 ശതമാനമാണ്. ഇതിനര്‍ത്ഥം ഭവനവായ്പ 7 ശതമാനം പലിശ നിരക്കില്‍ ലഭ്യമാണ് എന്നാണ്. എന്നിരുന്നാലും, അപേക്ഷകരിലൊരാള്‍ സ്ത്രീ ആണെങ്കില്‍ 5 ബിപിഎസ് ഇളവ് ലഭിക്കും. ഇത്തരം സാഹചര്യങ്ങളില്‍ 6.95 ശതമാനമാകും യഥാര്‍ത്ഥ പലിശ നിരക്ക്.
5 ലക്ഷം കോടി രൂപയുടെ ഭവനവായ്പ പോര്‍ട്ട്ഫോളിയോ തങ്ങളുടെ നിരവധി ബിസിനസുകളില്‍ ഏറ്റവും പ്രമുഖമായ ഒന്നാണെന്നും വ്യക്തിഗത ഭവനവായ്പ വിഭാഗത്തില്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരാണെന്നും എസ്ബിഐ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു.