അസൂസ് ലാപ്‌ടോപ്പുകള്‍ പരിഷ്‌കരിച്ചു
പരിഷ്‌കരിച്ച സെന്‍ബുക്ക് 13 ഒഎല്‍ഇഡി, വിവോബുക്ക് എസ് എസ്14, വിവോബുക്ക് അള്‍ട്രാ കെ14/കെ15, വിവോബുക്ക് ഫ്‌ളിപ്പ് 14, വിവോബുക്ക് 15, വിവോബുക്ക് 17 അവതരിപ്പിച്ചു
അസൂസ് സെന്‍ബുക്ക് 13 ഒഎല്‍ഇഡി, വിവോബുക്ക് എസ് എസ്14, വിവോബുക്ക് അള്‍ട്രാ കെ14/കെ15, വിവോബുക്ക് ഫ്‌ളിപ്പ് 14, വിവോബുക്ക് 15, വിവോബുക്ക് 17 എന്നിവ ഇന്ത്യയില്‍ പരിഷ്‌കരിച്ചു. എഎംഡി റൈസന്‍ 5000 യു സീരീസ് സിപിയുകള്‍ നല്‍കിയാണ് ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിച്ചത്. വിവിധ കോണ്‍ഫിഗേറഷനുകളില്‍ ലഭിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ ഇവയില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ ലഭിച്ച ഏക ലാപ്‌ടോപ്പാണ് സെന്‍ബുക്ക് 13 ഒഎല്‍ഇഡി. ടച്ച് ഡിസ്‌പ്ലേ സവിശേഷതയോടെ വരുന്ന ഏക ലാപ്‌ടോപ്പാണ് അസൂസ് വിവോബുക്ക് ഫ്‌ളിപ്പ് 14. ഈ പരിഷ്‌കരിച്ച ലാപ്‌ടോപ്പ് മോഡലുകളുടെ വില 54,990 രൂപ മുതലാണ്. അസൂസ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ലഭിക്കും. അസൂസ് വിവോബുക്ക് 17 (എം712) ഫ്‌ളിപ്കാര്‍ട്ടില്‍നിന്നും വാങ്ങാന്‍ കഴിയും.
വിവിധ ലാപ്‌ടോപ്പ് മോഡലുകളുടെ കൃത്യമായ കോണ്‍ഫിഗറേഷനുകള്‍ അസൂസ് വെളിപ്പെടുത്തിയിട്ടില്ല. അസൂസ് സെന്‍ബുക്ക് 13 ഒഎല്‍ഇഡി (യുഎം325യുഎ) മോഡലിന് 79,990 രൂപ മുതലാണ് വില. അസൂസ് വിവോബുക്ക് എസ് എസ്14 (എം433) ലാപ്‌ടോപ്പിന് 65,990 രൂപയില്‍ വില ആരംഭിക്കുന്നു. ഡ്രീമി വൈറ്റ്, ഗയാ ഗ്രീന്‍, ഇന്‍ഡി ബ്ലാക്ക്, റെസലൂട്ട് റെഡ് എന്നീ നിറങ്ങളില്‍ ലഭിക്കും. അസൂസ് വിവോബുക്ക് അള്‍ട്രാ കെ14 (കെഎം413) ലാപ്‌ടോപ്പിന് 58,990 രൂപ മുതലാണ് വില. ഇന്‍ഡീ ബ്ലാക്ക്, ഹാര്‍ട്ടി ഗോള്‍ഡ്, ട്രാന്‍സ്പാരന്റ് സില്‍വര്‍ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. അസൂസ് വിവോബുക്ക് ഫ്‌ളിപ്പ് 14 (ടിഎം420) ലാപ്‌ടോപ്പിന് 59,990 രൂപയിലാണ് വില ആരംഭിക്കുന്നത്. ബെസ്‌പോക്ക് ബ്ലാക്ക് എന്ന ഏക കളര്‍ ഓപ്ഷനില്‍ ലഭിക്കും. അസൂസ് വിവോബുക്ക് 15 (എം515) മോഡലിന്റെ വില ആരംഭിക്കുന്നത് 54,990 രൂപയിലാണ്. സില്‍വര്‍ കളര്‍ ഓപ്ഷനില്‍ മാത്രം വാങ്ങാം. അസൂസ് വിവോബുക്ക് 17 (എം712) ലാപ്‌ടോപ്പിന്റെ വില 62,990 രൂപ മുതലാണ്. ട്രാന്‍സ്പാരന്റ് സില്‍വര്‍ എന്ന ഏക കളര്‍ ഓപ്ഷനില്‍ ലഭിക്കും.
16:9 കാഴ്ച്ചാ അനുപാതം, 100 ശതമാനം ഡിസിഐ പി3 കളര്‍ ഗാമറ്റ്, ടുഫ് റൈന്‍ലാന്‍ഡ് നേത്ര സംരക്ഷണ സാക്ഷ്യപത്രം, 400 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് അസൂസ് സെന്‍ബുക്ക് 13 ഒഎല്‍ഇഡി (യുഎം325യുഎ) ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്നത്. എഎംഡി റൈസന്‍ 7 5700 യു വരെ പ്രൊസസര്‍, എഎംഡി റേഡിയോണ്‍ ഗ്രാഫിക്‌സ്, 16 ജിബി വരെ റാം, ഒരു ടിബി വരെ എസ്എസ്ഡി സ്റ്റോറേജ് എന്നിവ സവിശേഷതകളാണ്. വൈഫൈ 6, ബ്ലൂടൂത്ത് 5.0, ഡിസ്‌പ്ലേ ഔട്ട്പുട്ട്, പിഡി സപ്പോര്‍ട്ട് എന്നിവ സഹിതം രണ്ട് യുഎസ്ബി 3.2 ജെന്‍ 2 ടൈപ്പ് സി പോര്‍ട്ടുകള്‍, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ട്, എച്ച്ഡിഎംഐ 2.0ബി പോര്‍ട്ട്, മൈക്രോഎസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഹാര്‍മന്‍ കാര്‍ഡണ്‍ സ്പീക്കറുകള്‍, 67 വാട്ട്ഔര്‍ ബാറ്ററി എന്നിവ സവിശേഷതകളാണ്. ഏകദേശം 1.11 കിലോഗ്രാമാണ് ഭാരം.
16:9 കാഴ്ച്ചാ അനുപാതം, 85 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 250 നിറ്റ് പരമാവധി തെളിച്ചം എന്നിവയോടെ 14 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലിറ്റ് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഐപിഎസ് പാനലാണ് വിവോബുക്ക് എസ് എസ്14 ഉപയോഗിക്കുന്നത്. എഎംഡി റൈസന്‍ 5 5500യു സിപിയു കരുത്തേകുന്നു. എഎംഡി റേഡിയോണ്‍ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് ലഭിച്ചു. 8 ജിബി റാം, ഒരു ടിബി വരെ എസ്എസ്ഡി സ്റ്റോറേജ് നല്‍കി. ഡുവല്‍ ബാന്‍ഡ് വൈഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ട്, യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ട്, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ 1.4 പോര്‍ട്ട്, കോംബോ ഓഡിയോ ജാക്ക്, എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 50 വാട്ട്ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 1.4 കിലോഗ്രാമാണ് ഭാരം.