ആപ്പിളിനേക്കാള്‍ ഗൂഗിള്‍ ഇരുപത് മടങ്ങ് അധികം ഡാറ്റ ശേഖരിക്കുന്നു
അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളെജിലെ ഗവേഷകനായ ഡഗ്ലസ് ലീത്താണ് ആപ്പിളിനെയും ഗൂഗിളിനെയും താരതമ്യം ചെയ്തുള്ള പഠനം പുറത്തുവിട്ടത്
ഡബ്ലിന്‍: ഐഫോണുകളും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളും ഉപയോക്താക്കളുടെ ഡാറ്റ ആപ്പിളിനും ഗൂഗിളിനും കൈമാറുന്നത് അറിഞ്ഞുതുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍നിന്ന് ആപ്പിള്‍ ശേഖരിക്കുന്നതിനേക്കാള്‍ ഇരുപത് മടങ്ങ് അധികം ഡാറ്റ ആന്‍ഡ്രോയ്ഡില്‍നിന്ന് ഗൂഗിള്‍ ശേഖരിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു.
അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളെജിലെ ഗവേഷകനായ ഡഗ്ലസ് ലീത്താണ് ആപ്പിളിനെയും ഗൂഗിളിനെയും താരതമ്യം ചെയ്തുള്ള പഠനം പുറത്തുവിട്ടത്. ആപ്പിളിന്റെ ഐഒഎസിനേക്കാള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വളരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് ഡഗ്ലസ് ലീത്ത് പറയുന്നത്. സിം കാര്‍ഡ് തിരുകുക, സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഐഒഎസും ആന്‍ഡ്രോയ്ഡും അതാത് കമ്പനികള്‍ക്ക് ഡാറ്റ കൈമാറുന്നതായാണ് പുറത്തുവരുന്ന വിവരം.
ഡിവൈസുകള്‍ ഉപയോഗിക്കാതെ വെറുതെ വെയ്ക്കുമ്പോള്‍ പോലും അങ്ങേയറ്റത്തെ സെര്‍വറുമായി ശരാശരി 4.5 മിനിറ്റ് കൂടുമ്പോള്‍ കണക്റ്റ് ചെയ്യപ്പെടുന്നതായി പഠനത്തില്‍ കണ്ടെത്തി! ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതും തിരികെ ഈ കമ്പനികള്‍ക്ക് അയയ്ക്കുന്നതും ഇതുവരെ കര്‍ശനമായി നിയന്ത്രിച്ചിട്ടില്ല. സമാര്‍ട്ട്‌ഫോണുകളില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളില്‍നിന്നും സേവനങ്ങളില്‍നിന്നും ഇത്തരത്തില്‍ ഡാറ്റ ശേഖരിക്കുന്നത് പതിവായി മാറിയിരിക്കുന്നു. ഈ ആപ്പുകള്‍ തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും നേരത്തെ പറഞ്ഞ സെര്‍വറുമായുള്ള കണക്ഷനുകള്‍ നടത്തിക്കൊണ്ടിരിക്കും.
സിരി, സഫാരി, ഐക്ലൗഡ് എന്നിവയില്‍നിന്നാണ് ഐഒഎസ് ഓട്ടോമാറ്റിക്കായി ആപ്പിളിന് ഡാറ്റ നല്‍കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഡാറ്റ ശേഖരിക്കുന്നത് ക്രോം, യൂട്യൂബ്, ഗൂഗിള്‍ ഡോക്‌സ്, സേഫ്റ്റിഹബ്ബ്, ഗൂഗിള്‍ മെസഞ്ചര്‍, ഡിവൈസ് ക്ലോക്ക്, ഗൂഗിള്‍ സെര്‍ച്ച് ബാര്‍ എന്നിവയില്‍നിന്നാണ്.
എന്നാല്‍ ഈ കണ്ടെത്തലുകളെ ഗൂഗിള്‍ വക്താവ് വെല്ലുവിളിച്ചു. ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റവും ശേഖരിക്കുന്ന ഡാറ്റ അളക്കുന്ന കാര്യത്തില്‍ തെറ്റായ രീതിയിലാണ് പഠനം നടത്തിയിരിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്ത ഏതൊരു ഡിവൈസില്‍നിന്നും ഡാറ്റ ശേഖരിക്കുന്നത് കാര്യങ്ങളുടെ മുന്നോട്ടുപോക്കിന് പ്രധാനമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.