November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ അനാവരണം ചെയ്തു

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഉല്‍പ്പന്നമാണ് ടൈഗുന്‍

ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയില്‍ അനാവരണം ചെയ്തു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നമാണ് ടൈഗുന്‍. സ്‌കോഡ കുശാക്ക് എസ്‌യുവിയാണ് ഈ പ്രോജക്റ്റില്‍ വരുന്ന മറ്റൊരു മോഡല്‍. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, സ്വന്തം ഗ്രൂപ്പില്‍നിന്ന് വരാനിരിക്കുന്ന സ്‌കോഡ കുശാക്ക് എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എസ്‌യുവിയുടെ എതിരാളികള്‍.

ഇന്ത്യയ്ക്കായി വളരെയധികം ഭേദഗതി വരുത്തിയ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ നിര്‍മിക്കുന്നത്. സ്‌കോഡ കുശാക്ക് ഉപയോഗിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമാണ്. 93 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ വരുന്നത്. അതുകൊണ്ടുതന്നെ എതിരാളികളുമായി മല്‍സരിക്കുന്നവിധം വില നിശ്ചയിക്കാന്‍ കഴിയും. 2020 ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഉല്‍പ്പാദനത്തിന് ഏറെക്കുറേ തയ്യാറായ ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പ്രൊഡക്ഷന്‍ മോഡല്‍ അന്നത്തെ മോഡലിന് മിക്കവാറും സമാനമാണ്.

വാഹനത്തിന് ചങ്കൂറ്റവും ആത്മവിശ്വാസവും നല്‍കുന്ന സ്റ്റൈലിംഗ് നല്‍കിയാണ് പുറത്തെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. വശങ്ങളിലെ ബോഡി ലൈനുകള്‍ ഭംഗി വര്‍ധിപ്പിക്കുന്നവയാണ്. ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എസ്‌യുവിയുടെ ജിടി വകഭേദത്തിന് മുന്നില്‍ തിരശ്ചീനമായ മൂന്ന് ക്രോം സ്ലാറ്റുകള്‍ സഹിതം ഷഡ്ഭുജ ആകൃതിയുള്ള കറുത്ത ഗ്രില്‍ ലഭിച്ചു. കൂടാതെ, വിഡബ്ല്യു, ജിടി എന്നീ ബാഡ്ജുകള്‍ ഗ്രില്ലിന് മുകളില്‍ പതിച്ചു. ഗ്രില്ലിന് ഇരുവശങ്ങളിലും ഷാര്‍പ്പ് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപ് ക്ലസ്റ്ററുകള്‍ നല്‍കി. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാംപ് ക്ലസ്റ്ററുകളുമായി യോജിപ്പിച്ചു. അഗ്രസീവായ ബംപര്‍ ഭാഗം ക്രോമില്‍ തീര്‍ത്തു.

ബംപറിലും വിസ്തൃതമായ കറുത്ത വലിയ റേഡിയേറ്റര്‍ ഗ്രില്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ഫോഗ് ലാംപുകള്‍ കാണാം. സ്‌കിഡ് പ്ലേറ്റ് കൂടി നല്‍കിയതോടെ എസ്‌യുവി കൂടുതല്‍ സ്‌പോര്‍ട്ടിയായി. താഴേക്ക് ഇറങ്ങിയതുപോലെ ബോണറ്റ് ഘടന, ടേണ്‍ സിഗ്നലുകള്‍ സഹിതം ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ചാര നിറമുള്ള റൂഫ് റെയിലുകള്‍, വിന്‍ഡോ ലൈനുകള്‍, മഷീന്‍ വീലുകള്‍, കറുത്ത സൈഡ് ക്ലാഡിംഗ് എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകള്‍.

‘സി’ ആകൃതിയില്‍ എസ്‌യുവിയുടെ മുഴുവന്‍ വീതിയിലുമായി എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, നടുവില്‍ വിഡബ്ല്യു ബാഡ്ജ്, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍, ഉയരത്തില്‍ സ്ഥാപിച്ച സ്‌റ്റോപ്പ് ലാംപ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബൂട്ട് ലിഡിന് പുറത്ത് ജിടി ബാഡ്ജ്, ‘ടൈഗുന്‍’ എഴുത്ത്, സ്‌കിഡ് പ്ലേറ്റ് സഹിതം ക്രോം ബംപര്‍ എന്നിവ പിറകിലെ വിശേഷങ്ങളാണ്.

വിവിധ അടുക്കുകളായി ഡാഷ്‌ബോര്‍ഡ്, പ്രീമിയം ഫിറ്റ് ആന്‍ഡ് ഫിനിഷ്, മള്‍ട്ടിഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ എസ്‌യുവിയുടെ കാബിന്‍ വിശേഷങ്ങളാണ്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുമായും സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവ ഓപ്ഷണലുകളായി ലഭിക്കും.

Maintained By : Studio3