കോവിഡ് ആന്റിബോഡികള്‍ ശരീരത്തില്‍ ദിവസങ്ങള്‍ മുതല്‍ വര്‍ഷങ്ങളോളം വരെ നിലനിന്നേക്കാം
1 min readരോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ കുറഞ്ഞ അളവിലാണ് ഉള്ളതെങ്കില്‍ പോലും ടി സെല്ലിന്റെ രൂപത്തില്‍ മികച്ച പ്രതിരോധ ശേഷി ഉള്ള രാഗമുക്തര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത വിരളമാണ്
നോവല്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ ദിവസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നിലനിന്നേക്കാമെന്ന് പഠനം. രോഗം വീണ്ടും വരാതെ ശരീരത്തെ സംരക്ഷിക്കുന്ന ആന്റിബോഡികളുടെ നിലനില്‍പ്പ് ഓരോ വ്യക്തികളിലും വ്യത്യസ്ത തരത്തിലാണെന്നും കോവിഡ്-19 രോഗ തീവ്രതയാണ് രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യത തീരുമാനിക്കുന്നതെന്നും ദ ലാന്‍സെറ്റ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കോവിഡ്-19 വന്നുപോയതിന് ശേഷം രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ കുറഞ്ഞ അളവിലാണ് ശരീരത്തില്‍ ഉള്ളതെങ്കില്‍ പോലും, ടി-സെല്ലുകളുടെ രൂപത്തില്‍ വളരെ മികച്ച പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്ക് വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത വിരളമാണ്.164ഓളം കോവിഡ്-19 രോഗികളെ ആറ് മുതല്‍ ഒമ്പത് മാസം വരെ നിരീക്ഷിച്ചാണ് സിംഗപ്പൂരിലെ ഡ്യൂക് എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഗവേഷക സംഘം പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരുടെ രക്തത്തിലെ SARS-CoV-2 വൈറസിനെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികളും( രോഗാണുവിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി) ടി സെല്ലുകളും പ്രതിരോധ വ്യവസ്ഥയിലെ സൂചക തന്മാത്രകളുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഈ വിവരങ്ങള്‍ മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് അപഗ്രഥിച്ചാണ് പഠനസംഘം രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യത പരിശോധിച്ചത്.
ഈ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുന്ന കാലയളവ് അനുസരിച്ച് ഗവേഷകര്‍ ആളുകളെ അഞ്ച് ഗ്രൂപ്പായി തരംതിരിച്ചു. ആദ്യഗ്രൂപ്പില്‍ വൈറസിനെതിരെ പ്രത്യേകിച്ചൊരു ന്യൂട്രലൈസിംഗ് ആന്റിബോഡിയും കണ്ടെത്താത്ത ആളുകളാണ് ഉള്ളത്. ഈ ഗ്രൂപ്പ് നെഗറ്റീവ് ഗ്രൂപ്പ് എന്നും അറിയപ്പെടുന്നു. പഠനത്തില്‍ പങ്കെടുത്ത 11.6 ശതമാനം ആളുകളും ഈ ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്. 26.8 ശതമാനം രോഗികള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ ഗ്രൂപ്പായ റാപ്പിഡ് വാണിംഗ് ഗ്രൂപ്പില്‍ പല അളവുകളില്‍ പെട്ടന്ന് ഇല്ലാതാകുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. സ്ലോ വാണിംഗ് ഗ്രൂപ്പിലുള്ള ആളുകളില്‍ ആറ് മാസത്തോളം ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ നിലനിക്കുന്നതായി കണ്ടെത്തി. 29 ശതമാനം രോഗികളാണ് ഈ വിഭാഗത്തില്‍ വന്നത്. 31.7 ശതമാനം ആളുകള്‍ ഉള്‍പ്പെട്ട പെര്‍സിസ്റ്റന്റ് ഗ്രൂപ്പിലുള്ളവരില്‍ 180 ദിവസങ്ങള്‍ക്ക് ശേഷവും ആന്റിബോഡിയുടെ അളവില്‍ നേരിയ മാറ്റം മാത്രമേ കണ്ടെത്താനായുള്ളു. 1.8 ശതമാനം ആളുകള്‍ ഉള്ള ഡിലൈഡ് റെസ്‌പോണ്‍സ് ഗ്രൂപ്പിലുള്ളവരില്‍ രോഗശമനത്തിന്റെ അവസാനഘട്ടത്തില്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ അളവില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി.
SARS-CoV-2 വൈറസിനെതിരായ പ്രവര്‍ത്തനക്ഷമമായ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ ആയുസ്സ് പലരിലും പലതരത്തിലാണെന്ന് വ്യക്തിതലത്തില്‍ വേണം അത് നിരീക്ഷിക്കാനെന്നും ഡ്യൂക് എന്‍യുഎസിലെ പ്രഫസറായ വാംഗ് ലിന്‍ഫ പറയുന്നു. വാക്‌സിനേഷന് ശേഷം പ്രതിരോധശക്തി എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ ഈ പഠനം നിര്‍ണായകമാണെന്നും ഇത് സംബന്ധിച്ച് തുടര്‍ പഠനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെഗറ്റീവ് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന രോഗികള്‍ പോലും രോഗം പിടിപെട്ട് ആറ് മാസത്തിന് ശേഷം സ്ഥിരതയുള്ള ടി സെല്‍ ഇമ്മ്യൂണിറ്റി പ്രകടിപ്പിച്ചതായി പഠനം പറയുന്നു. ന്യൂട്രലൈസിംഗ് ആന്റിബോഡി കുറവാണെങ്കിലും ടി സെല്‍ ഇമ്മ്യൂണിറ്റി ശക്തമാണെങ്കിലും വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ടി സെല്‍ ഇമ്മ്യൂണിറ്റിയുടെ സാന്നിധ്യം രോഗത്തില്‍ നിന്നും ദീര്‍ഘകാല സുരക്ഷ നേടുന്നതില്‍ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.
ചില വ്യക്തികളില്‍ ആന്റിബോഡികള്‍ വേഗത്തില്‍ ഇല്ലാതാകുന്നതിനാല്‍, രോഗത്തിന്റെ തുടര്‍ തരംഗങ്ങളില്‍ വീണ്ടും അസുഖം ഉണ്ടായേക്കാമെന്ന് ഗവേഷകര്‍ സൂചിപ്പിച്ചു. സ്വാഭാവികമായി ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ആന്റിബോഡികളെ പോലം വാക്‌സിനേഷനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധ ശക്തിയും കാലക്രമേണ നഷ്ടപ്പെടും. കോവിഡ്-19 ഭാവിയില്‍ നീണ്ടും പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനായി എല്ലാ വര്‍ഷവും ഈ രോഗത്തിനെതിരായി വാക്‌സിനേഷന്‍ നടത്തണമെന്ന് സംഘം ശുപാര്‍ശ ചെയ്തു.