നടപ്പു സാമ്പത്തിക വര്‍ഷം ഡോളറിനെതിരേ രൂപയ്ക്കുണ്ടായ മൂല്യ വര്‍ധന 4%
1 min readന്യൂഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം നാല് ശതമാനം വര്‍ധിച്ചു. സ്ഥിരമായ വിദേശ ഫണ്ട് വരവും റിസര്‍വ് ബാങ്കിന്‍റെ ഡെഫ്റ്റ് പോളിസിയും ഇന്ത്യന്‍ കറന്‍സിക്ക് ശക്തമായ ഒരു വര്‍ഷം ഉറപ്പാക്കിയതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ ശരാശരി 73.50-74 വരെയാകാന്‍ സാധ്യതയുണ്ട്.
വാക്സിന്‍ നിലവിലുള്ളപ്പോഴും കൊറോണ വൈറസ് ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നത് വിദേശനാണ്യ വിപണിയില്‍ തുടര്‍ന്നും സ്വാധീനം ചെലുത്താമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. കോവിഡ് -19 മൂലം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രൂപയുടെ മൂല്യം വലിയ കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഓഹരി വിപണിയിലെ വന്‍ വില്‍പ്പനരൂപയുടെ മൂല്യം 76.90 എന്ന റെക്കോഡ് താഴ്ചയിലേക്ക് എത്തിച്ചിരുന്നു.
എന്നാല്‍ വാക്സിനുകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്, ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും സെന്‍ട്രല്‍ ബാങ്കുകളും ഉത്തേജനം നല്‍കുന്നത് എന്നിവയെല്ലാം നിക്ഷേപകര്‍ക്ക് പൊതുവായ ശുഭാപ്തിവിശ്വാസം നല്‍കി. ഇത് രൂപയുടെ മൂല്യം ഏതാണ്ട് 72ന് അടുത്തേക്ക് തിരിച്ചെത്തിച്ചു.
യുഎസിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്കും പണപ്പെരുപ്പവും ഉണ്ടായിരുന്നിട്ടും രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 4 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലേക്ക് സ്ഥിരമായി വിദേശ ഫണ്ട് വരുന്നത് ഇന്ത്യന്‍ കറന്‍സിക്ക് ശക്തമായ ഒരു വര്‍ഷം ഉറപ്പാക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപകര്‍ 35.22 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപിച്ചത്. 2014-15 ന് ശേഷമുള്ള ഏറ്റവും വലിയ വരവാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 67.54 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യ നേടിയ നേരിട്ടുള്ള വിദേശ നിക്ഷേപം.