ആരോപണം തിരിഞ്ഞുകൊത്തി; ഡിഎംകെ നേതാവ് മാപ്പുപറഞ്ഞു
ചെന്നൈ: ഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭാ അംഗവുമായ എ രാജ തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയോട് മാപ്പ് പറഞ്ഞു. പളനിസ്വാമിയെയും അദ്ദേഹത്തിന്‍റെ അമ്മയെയും ഡിഎംകെ നേതാവ് തന്‍റെ പ്രസംഗത്തില്‍ അപകീര്‍ത്തിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് രാജ മലക്കം മറിച്ചില്‍ നടത്തിയത്. പളനിസ്വാമിക്കെതിരായ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ഊട്ടിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പളനിസ്വാമിക്കും അമ്മയ്ക്കും എതിരെ നടത്തിയ അപമാനകരമായ പ്രസംഗം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിനാണ് ഇപ്പോള്‍ ഈ ഖേദപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയതെന്നാണ് സൂചന.
പളനിയെസ്വാമിയെക്കാള്‍ വില സ്റ്റാലിന്‍റെ ചെരുപ്പുകള്‍ക്കുണ്ടെന്നുവരെ രാജ പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രി അവിഹിത കുട്ടിയാണെന്നും അരോപിച്ച് പളനിസ്വാമിയുടെ അന്തരിച്ച അമ്മയെയും ഡിഎംകെ നേതാവ് അപമാനിച്ചിരുന്നു. അതേസമയം ഡിഎംകെ ദേശീയ പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ ഒരു ‘നിയമാനുസൃത കുട്ടി’ ആണെന്നും രാജ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച തന്‍റെ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ പളനിസ്വാമി വികാരധീനനായിരുന്നു. രാജ തന്‍റെ അമ്മയെ അപമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഒരു കുഞ്ഞിനെ ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട് സ്റ്റാലിന്‍റെയും പളനിസ്വാമിയുടെയും രാഷ്ട്രീയ നേതൃത്വ ശേഷി വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് രാജ പറയുന്നു. എന്നാല്‍, ഡിഎംകെയും സഖ്യകക്ഷികളും രാജയെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പ്രചാരണത്തിനിടെ അശ്ലീല ഭാഷ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍ നേരത്തെ പ്രസ്താവന ഇറക്കിയത് മാത്രമാണ് ഇതിനപവാദം.
രാജയുടെ നിലവാരം കുറഞ്ഞ പ്രസംഗത്തിനുശേഷം എഐഎഡിഎംകെ സഖ്യകക്ഷിയായ പിഎംകെ സ്ഥാപക നേതാവ് എസ് രാംദോസ് ഡിഎംകെയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ ഡിഎംകെയ്ക്കറിയില്ലെന്നും കരുണാനിധിപോലും ഇക്കാര്യത്തില്‍ പിന്നിലല്ലായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പളനിസ്വാമിയെയും സ്റ്റാലിനെയും താരതമ്യപ്പെടുത്താന്‍ മാന്യമായ നിരവധി വാക്കുകള്‍ ഉള്ളപ്പോള്‍, രാജ ഉപയോഗിച്ച പദങ്ങളുടെ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്‍റെയും പാര്‍ട്ടിയുടേയും നിലവാരത്തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും രാംദോസ് വ്യക്തമാക്കിയിരുന്നു.